നടിയുടെ വെളിപ്പെടുത്തൽ ; ഷൈൻ ടോം ചാക്കോ തിങ്കളാഴ്ച നേരിട്ടെത്തി വിശദീകരണം നൽകും, ഷൈനിനെ പുറത്താക്കണമെന്ന ആവശ്യം അമ്മയിൽ ശക്തമാകുന്നു

കൊച്ചി: സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ചു മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ നടൻ ഷൈൻ ടോം ചാക്കോ തിങ്കളാഴ്ച വിശദീകരണം നൽകും. ഷൈനിന്റെ പിതാവ് ചാക്കോയാണ് ഇക്കാര്യം അറിയിച്ചത്. ഹാജരാകാൻ ആവശ്യപ്പെട്ട് ആഭ്യന്തര പരാതി പരിഹാര സമിതിയുടെ കത്ത് ഇമെയിലിലൂടെ ലഭിച്ചു.
പൊലീസ് അന്വേഷണവുമായും സഹകരിക്കും. എന്നാൽ പൊലീസ് വിളിച്ചിട്ടില്ല. സിനിമ സംഘടനകളുടെ അന്വേഷണത്തോടും പ്രതികരിക്കും. ഷൈൻ ബന്ധപ്പെട്ടിട്ടില്ല. വിവാദങ്ങളോട് ഷൈൻ പ്രതികരിച്ചിട്ടില്ലെന്നും പിതാവ് വ്യക്തമാക്കി. താരസംഘടനയായ അമ്മയും ഷൈനിനോടു വിശദീകരണം തേടിയിട്ടുണ്ട്. ഷൈനിനെ പുറത്താക്കണമെന്ന ആവശ്യം സംഘടനയ്ക്കുള്ളിൽ ശക്തമാണ്.
അതിനിടെ വിൻസിയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്നും സർക്കാർ അന്വേഷിക്കുമെന്നും മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. രേഖാമൂലം പരാതി നൽകിയിട്ടില്ലെങ്കിലും എക്സൈസ് അന്വേഷിക്കുമെന്ന് മന്ത്രി എം.ബി. രാജേഷും അറിയിച്ചു. സിനിമ സെറ്റുകൾക്കു പ്രത്യേക പരിഗണനയില്ലെന്നും ലഹരി പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഡാൻസാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നു ഇറങ്ങി ഓടിയ ഷൈൻ തമിഴ്നാട്ടിലാണെന്നാണ് സൂചന.
മറ്റൊരു ലഹരി കച്ചവടക്കാരനെ തേടിയാണു ഹോട്ടലിൽ പോയതെന്നും പരിശോധനയ്ക്കു ഷൈനുമായി ബന്ധം ഉണ്ടായിരുന്നില്ലെന്നും പൊലീസ് പ്രതികരിച്ചു. ഷൈനിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ഓടിപ്പോയതിനെക്കുറിച്ച് ചോദിക്കാൻ വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. നേരത്തേ കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ സ്ത്രീയും ഷൈനിനു ലഹരി നൽകിയിരുന്നതായി പൊലീസിനു മൊഴി നൽകിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page