തിരുവനന്തപുരം: ചിക്കൻ കറിക്ക് ചൂട് കുറഞ്ഞതിന് ഹോട്ടൽ ഉടമയെ ഭക്ഷണം കഴിക്കാനെത്തിയവർ ക്രൂരമായി മർദിച്ചു.സോഡ കുപ്പിയെടുത്ത് തലയ്ക്കടിക്കുകയും ഹോട്ടലിനു പുറത്തേക്ക് വലിച്ചിറക്കി മർദിക്കുകയും ചെയ്തുവെന്ന് നെയ്യാറ്റിൻകര അമരവിളയിലെ പുഴയോരം ഹോട്ടൽ ഉടമ ദിലീപ് പരാതിപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. നെയ്യാറ്റിൻകര പൊലീസിലാണ് പരാതി നൽകിയത്.ചിക്കൻ കറിയുടെ ചൂട് കുറഞ്ഞതുമായി ബന്ധപ്പെട്ട് ദിലീപും ഭക്ഷണം കഴിക്കാനെത്തിയവരും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് സംഘം സോഡാ കുപ്പി കൊണ്ട് ദിലീപിന്റെ തലയ്ക്കടിക്കുകയു മായിരുന്നു. അതിനുശേഷം മാപ്പു പറയാനെന്ന പേരിൽ ദിലീപിനെ പുറത്തേക്ക് വിളിച്ചു. വിസമ്മതിച്ചതോടെ പുറത്തേക്ക് വലിച്ചിറക്കി ഹോട്ടലിന്റെ മുന്നിലിട്ട് തല്ലി. പരിക്കേറ്റ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
