ബംഗളുരു: അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് വെടിവെച്ചുകൊന്നു. കർണാടകയിലെ ഹുബ്ബള്ളിയിൽ ആണ് സംഭവം. തെളിവെടുപ്പിനിടെ ഇയാൾ പൊലീസുകാരെ ആക്രമിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തുവെന്നും ഇത് തടയുന്നിതിനിടെ പ്രതിക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു എന്നുമാണ് കർണാടക പൊലീസ് അറിയിച്ചത്. രണ്ട് പൊലീസുകാരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബിഹാർ സ്വദേശിയായ നിതേഷ് കുമാർ (35) ആണ് വെടിയേറ്റ് മരിച്ചത്. ഒരു വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ച് വയസുകാരിയെ സൗഹൃദം നടിച്ച് എടുത്തുകൊണ്ട് പോവുകയും പീഡനത്തിനൊടുവിൽ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇയാൾ പിടിക്കപ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. മാതാപിതാക്കൾ ജോലിക്ക് പോയ തക്കത്തിലാണ് പ്രതി അവിടെ എത്തിയത്. വീടിന്റെ മുന്നിൽ നിന്ന് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ എടുത്തുകൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും ഒന്നാകെ അന്വേഷിച്ചിറങ്ങി. ഇതിനിടെ തൊട്ടടുത്തുള്ള ഷീറ്റിട്ട ഒരു കെട്ടിടത്തിന്റെ ബാത് റൂമിൽ മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തി. സംഭവത്തിന് പിന്നാലെ വലിയ ജനക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ശേഷം തെളിവെടുപ്പിനായി താമസ സ്ഥലത്ത് കൊണ്ടുവന്നപ്പോഴാണ് ഇയാൾ പൊലീസുകാരെ ആക്രമിക്കാനും പൊലീസ് വാഹനം നശിപ്പിക്കാനും ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പൊലീസ് ആദ്യം ആകാശത്തേക്ക് വെടിവെച്ചു. എന്നാൽ ഇയാൾ കീഴടങ്ങാൻ തയ്യാറാവാതെ ഓടി രക്ഷപ്പെടാൻ നോക്കിയപ്പോൾ അത് തടയാനായി സംഘത്തിലുണ്ടായിരുന്ന വനിതാ എസ്.ഐ അന്നപൂർണ പ്രതിക്ക് നേരെ വെടിവെച്ചു എന്നാണ് പൊലീസ് അറിയിച്ചത്. രണ്ട് വെടിയുണ്ടകൾ ഇയാളുടെ ശരീരത്തിൽ തറച്ചു. പൊലീസുകാർ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഹുബ്ബള്ളി പൊലീസ് മേധാവി പറഞ്ഞു.
