ജില്ലാ കലക്ടറും നീതി പീഠവും നാട്ടുകാരും തുണയായി; ചില്ലു കൂട്ടിനകത്തു കുടുങ്ങിയ അങ്ങാടിക്കുരുവിക്ക് പുതുജീവന്‍

കണ്ണൂര്‍: ഒരു അങ്ങാടിക്കുരുവിക്കുവേണ്ടി നാട്ടുകാരും ജില്ലാ കലക്ടറും ജില്ലാ ജഡ്ജിയും ഉള്‍പ്പെടെയുള്ള അധികൃതരും കൈകോര്‍ത്തു. ഉളിക്കല്‍ ടൗണിലാണ് സംഭവം. മാസങ്ങളായി അടഞ്ഞുകിടക്കുന്ന ഉളിക്കല്‍ ടൗണിലെ ഇരിക്കൂര്‍ സ്വദേശി ഫിറോസിന്റെ ഉടമസ്ഥതയിലുള്ള ജെന്റ്‌സ് വെയര്‍ എന്ന കടയുടെ ചില്ലുകൂടില്‍ രണ്ട് ദിവസം മുമ്പ് കുടുങ്ങിയ അങ്ങാടിക്കുരുവിയെ രക്ഷിക്കാന്‍ വേണ്ടിയാണ് സമാനതകളില്ലാത്ത കൈകോര്‍ക്കല്‍ നടന്നത്.
ഉളിക്കല്‍ സ്വദേശി മടയാമ്പല്‍ മനോജ് ചൊവ്വാഴ്ച രാവിലെ നടന്നുപോകവെയാണ് ചില്ലുകൂടില്‍ കുടുങ്ങിയ നിലയില്‍ അങ്ങാടിക്കുരുവിയെ കണ്ടത്. കൂടിനകത്ത് കുടുങ്ങിപ്പോയ കുരുവി ചൂട് കാരണം അവശനിലയില്‍ എത്തിയിരുന്നു. മനോജ് പരിചയക്കാരെ വിളിച്ചുകൂട്ടി നൂല്‍വഴി തിനയും വെള്ളവും ചില്ലുകൂടിനകത്ത് എത്തിച്ചുകൊടുത്തു. കടയുടെ ഷട്ടര്‍ തുറക്കാതെ ചില്ലുകൂട് തുറക്കാന്‍ കഴിയില്ല എന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ കടയുടമയും സമീപത്തെ ഒരു കെട്ടിട ഉടമയും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ആറ് മാസം മുമ്പ് ഹൈക്കോടതി കട പൂട്ടി സീല്‍ ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. അതിനാല്‍ ഷട്ടര്‍ തുറക്കാന്‍ പറ്റാത്ത അവസ്ഥയിലായി. മനോജ് പഞ്ചായത്ത് സെക്രട്ടറിയെയും ഫയര്‍ഫോഴ്സിനെയും തഹസില്‍ദാരെയും വിവരം അറിയിച്ചെങ്കിലും കോടതി ഉത്തരവായതിനാല്‍ എല്ലാവരും നിസഹായത പ്രകടിപ്പിച്ചു. അതിനിടയില്‍ മനോജും കൂട്ടരും ചേര്‍ന്ന് ചില്ലുകൂടിലേക്ക് പച്ചരിയും വെള്ളവും എത്തിച്ചു. തുടര്‍ന്ന് മനോജും സുഹൃത്ത് ചന്ദ്രനും അധ്യാപകനായ മനോജും ചേര്‍ന്ന് ജില്ലാ കലക്ടറെ ബന്ധപ്പെട്ടു. ജില്ലാ കലക്ടര്‍ സംഭവം വിശദമായി ചോദിച്ചറിഞ്ഞശേഷം ഷട്ടര്‍ തുറന്നുകൊടുക്കാന്‍ ഉളിക്കല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. അതിനിടയില്‍ തന്നെ ജില്ലാ ജഡ്ജി നിസാര്‍ അഹമ്മദുമായും കലക്ടര്‍ ബന്ധപ്പെട്ടുവെന്നാണ് സൂചന. വ്യാഴാഴ്ച രാവിലെ 10.30ഓടെ ജഡ്ജി നിസാര്‍ അഹമ്മദ് സ്ഥലത്തെത്തി. അപ്പോഴേക്കും വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും രണ്ട് ദിവസമായി കിളിക്ക് കാവലാളായി മാറിയ നാട്ടുകാരും സ്ഥലത്തെത്തി. എല്ലാവരുടെയും സാന്നിധ്യത്തില്‍ ഷട്ടറിന്റെ പൂട്ട് തുറന്നു. തുടര്‍ന്ന് ചില്ലുകൂടിനോട് ചേര്‍ന്ന ഷട്ടര്‍ തുറന്ന് അവശനിലയിലായ കിളിയെ പുറത്തെടുത്ത് തുറന്നുവിടുകയായിരുന്നു. രണ്ടുദിവസത്തെ ദുരിതജീവിതത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ ആകാശത്തേക്ക് കിളി ചിറകടിച്ചുയര്‍ന്നതോടെ കൂടിനിന്നവര്‍ ആഹ്ലാദാരവം മുഴക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page