പയ്യന്നൂര്‍: സ്‌കൂട്ടറിലെത്തിയ സംഘം വഴിയാത്രക്കാരിയായ വയോധികയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചോടി. ഇന്ന് (വ്യാഴം) രാവിലെയാണ് സംഭവം. തളിപ്പറമ്പ്,ചിറവക്ക്, മൊട്ടമ്മലിനു സമീപത്തെ എ ഉമാദേവി (68)യുടെ മാലയാണ് നഷ്ടമായത്. മൊട്ടമ്മലിലെ മാളില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഉമാദേവി. ഇതിനിടയിലാണ് രണ്ട് പേര്‍ സ്‌കൂട്ടറില്‍ എത്തിയത്. ഇവരില്‍ ഒരാള്‍ സ്‌കൂട്ടറില്‍ തന്നെ ഇരിക്കുകയും രണ്ടാമത്തെയാള്‍ വഴിയരുകില്‍ മൂത്രമൊഴിക്കുകയാണെന്ന നിലയില്‍ നില്‍ക്കുകയുമായിരുന്നു. ഉമാദേവി സമീപത്ത് എത്തിയപ്പോള്‍ നിൽക്കുകയായിരുന്ന ആൾ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചോടുകയായിരുന്നു. ഉമാദേവി വേഗത്തില്‍ വീട്ടിലെത്തി വിവരം അറിയിച്ചു. മാലയുടെ ലോക്കറ്റ് മാത്രമാണ് സ്വര്‍ണ്ണമായിട്ടുണ്ടായിരുന്നത്.
വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് എസ്‌ഐ നിധിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി ഉമാദേവിയുടെ മൊഴിയെടുത്തു.
പൊലീസ് നടത്തിയ പരിശോധനയില്‍ മാല മോഷ്ടാക്കളുടേതെന്നു കരുതുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. രണ്ടു പേര്‍ ഉമാദേവിയെ സ്ക്കൂട്ടറിൽ പിന്തുടരുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. അക്രമികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി








