ഒരാഴ്ചത്തേക്ക് അടച്ചിട്ട മൊഗ്രാല്‍ ടൗണ്‍ സര്‍വീസ് റോഡ് രണ്ടാഴ്ച കഴിഞ്ഞിട്ടും തുറന്നു കൊടുത്തില്ല; നാട്ടുകാര്‍ ദുരിതത്തില്‍

മൊഗ്രാല്‍: മൊഗ്രാല്‍ ടൗണില്‍ നിന്ന് കുമ്പള ഭാഗത്തേക്കുള്ള ദേശീയപാത സര്‍വീസ് റോഡ് ഒരാഴ്ചത്തേക്ക്
അടച്ചിട്ടെങ്കിലും രണ്ടാഴ്ച കഴിഞ്ഞിട്ടും തുറന്നു കൊടുക്കാത്തതു നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു. ഇത് യാത്രാ ദുരിതവും അധിക ബാധ്യതയുമുണ്ടെന്നു നാട്ടുകാര്‍ ആരോപിച്ചു.
അറ്റകുറ്റപണികള്‍ക്ക് എന്ന പേരിലാണ് കഴിഞ്ഞമാസം പതിനെട്ടാം തീയതി റോഡ് അടച്ചിട്ടത്. പരീക്ഷാ സമയവും, ഈദ് ആഘോഷവുമൊക്കെ ആയതിനാല്‍ ജോലികള്‍ ഏപ്രില്‍ ആദ്യവാരത്തേക്ക് മാറ്റണമെന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും ആവശ്യം അധികൃതര്‍ അവഗണിക്കുകയായിരുന്നു. അത് പ്രതിഷേധത്തിനു ഇടയാക്കുകയായിരുന്നു.
ഇപ്പോള്‍ മൊഗ്രാല്‍ ലീഗ് ഓഫീസിനും മൊഗ്രാല്‍ ടൗണിലും മുഹിയദ്ദീന്‍ പള്ളി പരിസരത്തുമുള്ള യാത്രക്കാര്‍ക്ക് ബസ് കയറണമെങ്കില്‍ ഒന്നുകില്‍ പെര്‍വാട് ബസ്റ്റോപ്പിലോ, അതല്ലെങ്കില്‍ കൊപ്പളം ബസ് സ്റ്റോപ്പിലോ ചെന്ന് കയറണമെന്ന അവസ്ഥ ഉണ്ടായിരിക്കുന്നു. ഇത് പ്രായമായവര്‍ക്കും, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും ഏറെ ദുരിതമാകുന്നുണ്ട്.
മൊഗ്രാല്‍ ടൗണിലെ യാത്രക്കാര്‍ പെര്‍വാട്ടേക്കും, കൊപ്പളത്തേക്കും ഓട്ടോറിക്ഷ പിടിച്ചാണ് ബസ് കയറാന്‍ പോകുന്നത്. ഇതിന് 30 രൂപ ഓട്ടോ ചാര്‍ജും കൊടുക്കണം. യാത്രക്കാര്‍ക്ക് ഇത് അധിക ബാധ്യതയാവുന്നുവെന്നും പരാതിയുണ്ട്. സര്‍വീസ് റോഡ് അടിയന്തരമായി തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page