‘കൊല്ലപ്പെട്ട’ യുവതി കാമുകനൊപ്പം ഭക്ഷണം കഴിക്കുന്ന വീഡിയോ തുണയായി; ഒന്നര വര്‍ഷം ജയിലില്‍ കഴിഞ്ഞ യുവാവിനു ഒടുവില്‍ നീതി ലഭിച്ചു

മടിക്കേരി: കൊല്ലപ്പെട്ടുവെന്നു കരുതിയ യുവതി കാമുകനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്തായതോടെ നിരപരാധിയായ ഭര്‍ത്താവിനു ഒന്നര വര്‍ഷത്തിനു ശേഷം നീതി ലഭിച്ചു. കുടക്, കുശാല്‍ നഗര്‍ സ്വദേശിയായ സുരേഷി(38)നാണ് നീതി ലഭിച്ചത്. 2020 ഡിസംബറില്‍ ഭാര്യയായ മല്ലികയെ കാണാനില്ലെന്നു കാണിച്ച് സുരേഷ് കുശാല്‍ നഗര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവ പരമ്പരയുടെ തുടക്കം. പൊലീസ് അന്വേഷിക്കുന്നതിനിടയില്‍ മൈസൂര്‍, പെരിയ പട്ടണത്ത് കാവേരി നദിയില്‍ നിന്നു ഒരു അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടം കാണാതായ മല്ലികയുടേതാണെന്നും സുരേഷ് കൊലപ്പെടുത്തിയതാണെന്നുമായിരുന്നു കുശാല്‍ നഗര്‍ പൊലീസിന്റെ അനുമാനം. കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തും മുമ്പ് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കി. ഇതു കാരണം സുരേഷ് ജയിലിലുമായി. എന്നാല്‍ കഴിഞ്ഞ ദിവസം മല്ലികയും കാമുകനും മടിക്കേരിയിലെ ഒരു ഹോട്ടലില്‍ ആഹാരം കഴിക്കുന്നതു കണ്ട സുരേഷിന്റെ സുഹൃത്ത് പ്രസ്തുത രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. വീഡിയോ പുറത്തുവിട്ടതോടെ മല്ലികയെ പൊലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. ഇഷ്ടപ്പെട്ട ആള്‍ക്കൊപ്പം ഒളിച്ചോടുകയായിരുന്നുവെന്ന് മല്ലിക കോടതിയില്‍ മൊഴി നല്‍കി. തുടര്‍ന്ന് സുരേഷിനെ കോടതി വിട്ടയക്കുകയും വ്യാജക്കേസ് ചമച്ച പൊലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page