എല്ലാ പെണ്‍കുട്ടികളേയും പോലെ അവളും ഒരു പുരുഷന്റെ സ്നേഹവാക്കുകള്‍ക്ക് അടിമപെട്ടു പോയി.
അച്ഛനും അമ്മയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.
ഏക സഹോദരിയും ഉദ്യോഗസ്ഥ തന്നെ. സുഖസന്തോഷത്തോടെ ജീവിച്ചു വരുന്ന അവസ്ഥ.
അതിനിടയിലാണ് പ്രണയമെന്ന മായിക വലയത്തില്‍ അവള്‍ പെട്ടു പോകുന്നത്.
വര്‍ഷങ്ങള്‍ നീണ്ടുനിന്ന കണ്ടുമുട്ടലുകളും സ്നേഹസംഭാഷണങ്ങളും, കൊടുക്കല്‍ വാങ്ങലുകളും രഹസ്യമായി നടന്നു.
ആളാകട്ടെ സുന്ദരനും. നാട്ടുകാരെല്ലാം ‘നല്ല ചെറുപ്പക്കാരന്‍’ എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുമുണ്ട്.
പിന്നെന്തിന് ഭയക്കണമെന്ന ചിന്ത ഉടലെടുത്തു കാണും. പിന്നെ സ്വകാര്യമായി അല്‍പം ലഹരി ഉപയോഗമുണ്ട്.
അക്കാര്യം അവള്‍ക്കറിയാവുന്നതുമാണ്. ഈ ഒരു കാരണം വെച്ച് അവനെ ഉപേക്ഷിക്കാന്‍ അവളുടെ മനസ്സ് അനുവദിച്ചില്ല.
അവസാനം അവള്‍ ഇക്കാര്യം വീട്ടില്‍ അറിയിച്ചു. അച്ഛനും അമ്മയും എതിര്‍ത്തു. അവനുമായുള്ള ബന്ധം വേണ്ടെന്ന് അവര്‍ ശഠിച്ചു. അവന്റെ സ്വഭാവത്തെക്കുറിച്ച് അവര്‍ക്കറിയാമായിരുന്നു.
പക്ഷേ അവനെ മാത്രമേ താന്‍ ജീവിത പങ്കാളിയാക്കുകയുള്ളുവെന്ന് അവള്‍ വാശി പിടിച്ചു.
അതിന് മുന്നില്‍ മാതാപിതാക്കള്‍ മുട്ടുമടക്കി. അവന് അവളെ വിവാഹം ചെയ്തു കൊടുത്തു.
പൊലീസുകാരിയായ അവള്‍ തന്റെ വലയില്‍ വീണു എന്ന് തിരിച്ചറിഞ്ഞ അവന്‍ സാമ്പത്തിക സഹായം ആവശ്യപ്പെടാന്‍ തുടങ്ങി. ബൈക്ക് വാങ്ങാനും കാറ് വാങ്ങാനുമൊക്കെ കാശ് ആവശ്യപ്പെട്ടു കൊണ്ട് അവളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. അവളുടെ ആവശ്യത്തിനു മുന്നില്‍ അച്ഛനും അമ്മയും നിസ്സഹായരായി നിന്നു അത് കൊടുക്കുകയും ചെയ്തു. മകളുടെ ആവശ്യമല്ലേയെന്ന് കരുതി സാമ്പത്തികമായി സഹായം ചെയ്യാന്‍ അവരും തയ്യാറായി.
അതിനിടയില്‍ അവര്‍ക്ക് ഒരു മകനുമുണ്ടായി. വൈകാതെ അവന്റെ തനിസ്വഭാവം പുറത്തുവരാന്‍ തുടങ്ങി.
ഒരു പണിയും ചെയ്യില്ല. എന്നും ജോളിയടിച്ചു നടക്കണം.
അതിന് അവള്‍ പണം കണ്ടെത്തി കൊടുക്കണം. അത് സ്ഥിരമായപ്പോള്‍ ആവശ്യം അവള്‍ നിഷേധിക്കാന്‍ തുടങ്ങി.
അതോടെ ശാരീരിക പീഡനം തുടങ്ങി. ആദ്യകാലത്തെ പ്രണയത്തെ അവള്‍ ശപിക്കാന്‍ തുടങ്ങി.
എങ്ങനെയെങ്കിലും അവന്റെ ശല്യത്തില്‍ നിന്ന് രക്ഷപ്പെടണം എന്നവള്‍ ആശിച്ചു. അവന്‍ വിട്ടുപോകുന്ന ലക്ഷണമില്ലെന്ന് ഉറപ്പായിരുന്നു. അത്രയും കാലം പ്രണയിച്ചു നടന്നിട്ടും അവനെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നവള്‍ നിരാശപ്പെട്ടു.
പറഞ്ഞ വാക്കുകളും ശപഥങ്ങളും അവന്‍ മറന്നുപോയതെന്തേയെന്ന ചിന്ത അവളെ തകര്‍ത്തു.
പൊലീസുകാരിയെന്ന നിലയില്‍ നിയമനടപടികളെക്കുറിച്ച് അവള്‍ക്ക് അറിയാമായിരുന്നു.
വിവാഹമോചനമേ രക്ഷയുള്ളു എന്നവള്‍ ഉറപ്പിച്ചു. കോടതിയില്‍ കേസുകൊടുത്തു.
രണ്ടു പേരെയും രമ്യതയിലെത്തിക്കാന്‍ കോടതിയിലും ശ്രമം നടന്നു. അവന്റെ സ്വഭാവത്തില്‍ മാറ്റം വരില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് വിവാഹമോചനം നടത്തിയേ തീരൂ എന്ന തീരുമാനത്തില്‍ അവള്‍ ഉറച്ചു നിന്നു.
അന്ന് അവള്‍ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയതേയുള്ളു. മകന്‍ ഗ്രൗണ്ടില്‍ കളിക്കാന്‍ പോയിരിക്കയാണ്.
അടുത്ത ദിവസം ഡ്യൂട്ടിക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അവള്‍. ഇനിയവള്‍ എങ്ങനെയും തന്റെ കൂടെ ജീവിക്കാന്‍ തയ്യാറല്ലെന്ന ചിന്ത അവനെ അസ്വസ്ഥനാക്കി. തന്നെ തിരസ്‌കരിച്ചതിലുള്ള വാശിയും വൈരാഗ്യവും അവനെ ഭ്രാന്ത് പിടിപ്പിച്ചു. അവന്‍ വീട്ടിലെത്തി. വാതില്‍ തള്ളിത്തുറന്നു. അടുക്കളയില്‍ എന്തോ പണി ചെയ്തു കൊണ്ടിരിക്കുന്ന അവളുടെ ദേഹത്തേക്ക് കയ്യില്‍ കരുതിയ പെട്രോള്‍ ഒഴിക്കാന്‍ ശ്രമിച്ചു. പ്രാണരക്ഷാര്‍ത്ഥം അവള്‍ പുറത്തേക്കോടി.
പക്ഷെ രക്ഷയില്ലായിരുന്നു. പിന്നാലെയെത്തിയ അവന്‍ അവളെ കത്തികൊണ്ട് തലങ്ങും വിലങ്ങും വെട്ടിനുറുക്കി.
നെഞ്ചിലും കഴുത്തിലും കൈത്തണ്ടയിലും ആഴത്തിലുള്ള മുറിവ്. സ്വന്തം വീട്ടുമുറ്റത്ത് സ്വന്തം പുരുഷന്റെ കയ്യാലെ അവള്‍ പിടഞ്ഞു മരിച്ചു. അവള്‍ക്ക് കിട്ടിയ പ്രണയം നല്‍കിയ സമ്മാനം.
