കാസർകോട് : ലോക സൈക്കിൾ ദിനാചരണത്തിന്റെ ഭാഗമായി കാസർകോട്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ ചരിത്ര – കായിക-വിനോദസഞ്ചാര – ആരോഗ്യസംരക്ഷണ സന്ദേശവുമായി മാനവിക സന്ദേശ യാത്ര നടത്തി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ , ജില്ലാ ഭരണ സംവിധാനം, കാസർകോട് പെഡലേഴ്സ് സൈക്ലിംഗ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പൈതൃക സൈക്കിൾ യാത്ര സംഘടിപ്പിച്ചത്.

ഞായറാഴ്ച രാവിലെ പ്രശസ്തമായ പുതിയ കോട്ടയിൽ മുനിസിപ്പൽ ചെയർമാൻ വി. വി രമേശൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലാണ് സൈക്കിൾ യാത്ര പുരോഗമിക്കുന്നത്.
കാസർകോടിന്റെ ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന പ്രധാന കോട്ടകളായ ഹൊസ്ദുർഗ് കോട്ട, ബേക്കൽ കോട്ട, ചന്ദ്രഗിരി കോട്ട, പൊവ്വൽ കോട്ട, ആരിക്കാടി കോട്ട, എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിലെ പൈതൃക ടൂറിസം കേന്ദ്രങ്ങളെ ഒരൊറ്റ വിനോദസഞ്ചാര ശൃംഖലയായി അവതരിപ്പിക്കുന്നതാണ് പരിപാടി.
പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി ജനങ്ങളിലേക്ക് എത്തിക്കുക, പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗമായ സൈക്കിളിംഗിനെ ജനകീയമാക്കുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ. ചരിത്ര സ്മാരകങ്ങളെ ബന്ധിപ്പിച്ചുള്ള ഇത്തരം സൈക്കിൾ യാത്രകൾ രാജ്യത്തും വിദേശത്തുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന പുതിയ ടൂറിസം ഉൽപ്പന്നങ്ങളായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
കാസർകോട് പെഡലേഴ്സ് സൈക്ലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 26 സൈക്കിൾ പ്രേമികളാണ് യാത്രയിൽ പങ്കെടുത്തത്. സൈക്ലിംഗ് ക്ലബ് സെക്രട്ടറി രതീഷ് അമ്പലത്തറ ഭാരവാഹികളായ ശ്രീജിത്ത്, ശ്രീകാന്ത് തുടങ്ങിയവർ സെെക്കിൾ യാത്രയിൽ അണിനിരന്നു.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എ. നസീബ് അധ്യക്ഷത വഹിച്ചു, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജി.കെ. ജിജേഷ് സ്വാഗതം പറഞ്ഞു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ പി. ജയൻ, ഡിടിപിസി ജീവനക്കാർ പങ്കെടുത്തു.






