പ്രശസ്ത പത്രപ്രവര്‍ത്തകനും കഥാകാരനുമായ ഇ.വി ശ്രീധരന്‍ അന്തരിച്ചു

വടകര: പ്രശസ്ത പത്രപ്രവര്‍ത്തകനും കഥാകാരനുമായ ഇ.വി ശ്രീധരന്‍ (76) ബുധനാഴ്ച പുലര്‍ച്ചെ അന്തരിച്ചു. അസുഖത്തെത്തുടര്‍ന്നു വടകരയില്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാഹി ചോമ്പാല്‍ സ്വദേശിയാണ്.
മലയാള സാഹിത്യ രംഗത്തെ പ്രശസ്തനായ എം. ഗോവിന്ദന്റെ സമീക്ഷയിലൂടെയാണ് ഇ.വി പത്രപ്രവര്‍ത്തന രംഗത്തേക്കു കടന്നു വന്നത്. അതിനു ശേഷം കലാകൗമുദിയില്‍ 30 വര്‍ഷത്തോളം പത്രാധിപ സമിതി അംഗമായി പ്രവര്‍ത്തിച്ചു. കലാകൗമുദിയില്‍ നിന്നു വിട്ട ശേഷം സമീക്ഷ രണ്ടു കൊല്ലം തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരിച്ചു. വീക്ഷണത്തില്‍ രണ്ടു വര്‍ഷം ന്യൂസ് എഡിറ്ററായിരുന്നു. കേരള കൗമുദിയിലും മറ്റു ചില പത്രങ്ങളിലും കോളമിസ്റ്റായും പ്രവര്‍ത്തിച്ചു. ന്യൂ മാഹിയിലെ മലയാള കലാഗ്രാമത്തിനു വേണ്ടി എം. ഗോവിന്ദന്റെ സ്മരണകളും കലാസംബന്ധമായ ചില പ്രസിദ്ധീകരണങ്ങളും ഡോ. കെ.ബി മേനോന്‍ സ്മരണികയും എഡിറ്റ് ചെയ്തു. കഥകളായിരുന്നു ഇ.വി.യുടെ ലോകം. രാഷ്ട്രീയ-സാഹിത്യ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. നിരവധി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അവ സമാഹരിച്ചിട്ടില്ല.
എലികളും പത്രാധിപരും, ഈ നിലാവലയില്‍, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാം പ്രതി, ജാനകിയുടെ സ്മാരകം, ഓര്‍മ്മയിലും ഒരു വിഷ്ണു, ലബോറട്ടറിയിലെ പൂക്കള്‍, എന്റെ മിനിക്കഥകള്‍, അപ്പുണ്ണി, നമ്മുടെ ആകാശങ്ങള്‍, കഥയുടെ കാറ്റില്‍, കാര്‍ത്തികയുടെ കാലം, കെ. പാര്‍വ്വതിയുടെ ആത്മകഥ, കുതിരവട്ടം, എങ്ങുനിന്നോ ഒരു പെണ്ണ്, കുഞ്ഞാനു, ദൈവക്കളി, ഏതോ പൂവുകള്‍, നന്ദിമാത്രം, കാറ്റുപോലെ, ആസുരമായ നമ്മുടെ കാലം, തേന്മുള്ളുകള്‍, നമുക്കെന്തിനാണിത്രയേറെ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍, കേരള കമ്യൂണിസത്തിന്റെ പ്രശ്‌നങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.
പത്രപ്രവര്‍ത്തനത്തിലും സാഹിത്യ രചനയിലും മുഴുകി അലഞ്ഞു നടന്ന ഇ.വി ശ്രീധരന്‍ ജീവിക്കാന്‍ മറന്നു പോവുകയായിരുന്നു. ഇ.വിയുടെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനും കേരള കൗമുദി പത്രാധിപ സമിതി അംഗവുമായിരുന്ന കെ.പി സദാനന്ദന്‍ ഇ.വിയെക്കുറിച്ചും അദ്ദേഹത്തിന്റെ സാഹിത്യ ലോകത്തെക്കുറിച്ചും പുസ്തകം എഴുതിയിട്ടുണ്ട്. ‘എല്ലാം ചവിട്ടിക്കുഴച്ച് അലയുന്ന നിഷേധി’ എന്നാണ് ആ പുസ്തകത്തിന് അദ്ദേഹം പേരു നല്‍കിയത്.
അവസാനനാളുകളില്‍ വടകരക്കടുത്ത് അനന്തരവള്‍ക്കൊപ്പമായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page