ബേക്കലില്‍ ട്രെയിനിന് നേരെ കല്ലറിഞ്ഞ സംഭവം; പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി റെയില്‍വേ പൊലീസ്

കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടയില്‍ പെണ്‍സുഹൃത്തിനെ മോശമായ അര്‍ത്ഥത്തില്‍ നോക്കിയതിനെ ചോദ്യം ചെയ്ത വിരോധത്തില്‍ ട്രെയിനിനു നേരെ കല്ലെറിഞ്ഞ പ്രതിയെ റെയില്‍വേ പൊലീസ് മണിക്കൂറള്‍ക്കകം പിടികൂടി. തെക്കില്‍ മയിലാട്ടി സ്വദേശി എസ് അനില്‍കുമാറാ(41)ണ് പിടിയിലായത്. കാസര്‍കോട് റെയില്‍വേ പൊലീസ് എസ്എച്ച്ഒ എം റെജികുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ എംവി പ്രകാശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ജ്യോതിഷ് ജോസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന് ശേഷം പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതുവഴിയാണ് പൊയിനാച്ചിയില്‍ വച്ച് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്. പ്രതിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ച രാത്രി 7.30 ഓടെ ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പ്രതി അക്രമം നടത്തിയത്. മംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മലബാര്‍ എക്സ്പ്രസിലെ ജനറല്‍ കോച്ചിലെ യാത്രക്കാരായിരുന്നു പരാതിക്കാരനും പ്രതിയും. യാത്രക്കിടയില്‍ പരാതിക്കാരനായ മലപ്പുറം, വെളിയങ്കോട് സ്വദേശി കെ.റിജാസിന്റെ പെണ്‍ സുഹൃത്തിനെ പ്രതി മോശമായി നോക്കിയിരുന്നു. ഇതു ചോദ്യം ചെയ്ത വിരോധത്തില്‍ പരസ്പരം വാക്കേറ്റം നടന്നിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതിയും സുഹൃത്തും ബേക്കല്‍ ഫോര്‍ട്ട് റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയശേഷം പരാതിക്കാരന്റെ മുഖത്തടിക്കുകയായിരുന്നു. പിന്നീട് പരാതിക്കാരനെ ആക്രമിക്കാനായി ട്രെയിനിന് നേരെ കല്ലെറിഞ്ഞു. യുവാവ് അക്രമാസക്തനാവുകയും കല്ലെറിയുകയും ചെയ്യുന്ന വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പരാതി ലഭിച്ചയുടെന്‍ റെയില്‍വേ പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page