ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പണം പിരിച്ചു പൊലീസിനു കൈക്കൂലി നല്‍കിയതായി മുഖ്യമന്ത്രിക്ക് പരാതി; ഗള്‍ഫിലിരുന്ന് വ്യാജ പരാതി നല്‍കിയ വിരുതനെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട്: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗമായ തൃക്കരിപ്പൂര്‍ സ്വദേശി പണം പിരിച്ചു പൊലീസിനു കൈക്കൂലി നല്‍കിയെന്നു കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വ്യാജ പരാതി നല്‍കിയ സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നിര്‍ദ്ദേശ പ്രകാരം തൃക്കരിപ്പൂര്‍, കൈക്കോട്ട് കടവ് സ്വദേശി കടവത്ത് അബ്ദുള്ള (32)ക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. മയക്കുമരുന്നു കേസ് ഒഴിവാക്കുന്നതിനു വേണ്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം പണം പിരിച്ചു നല്‍കിയെന്നു കാണിച്ചാണ് അബ്ദുല്ല ഗള്‍ഫില്‍ ഇരുന്നു കൊണ്ട് മുഖ്യമന്ത്രിക്കും മറ്റും ഇമെയില്‍ പരാതി നല്‍കിയത്. പണം കൊടുക്കുന്നതു കണ്ട സാക്ഷികളുടെ പേരും പരാതിയില്‍ പറഞ്ഞിരുന്നു.
പരാതി ഗൗരവത്തിലുള്ളതാണെന്നു കണക്കാക്കി അടിയന്തിരമായി അന്വേഷിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് ഡിവൈ.എസ്.പി പരാതിയെക്കുറിച്ച് അന്വേഷിച്ചത്. പരാതിയില്‍ പറഞ്ഞത് പ്രകാരമുള്ള സംഭവത്തില്‍ ചന്തേര പൊലീസ് കേസെടുത്ത് പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി വ്യക്തമായി. ബ്ലോക്ക് പഞ്ചായത്തംഗത്തെയും പരാതിയില്‍ പരാമര്‍ശിക്കപ്പെട്ട സാക്ഷികളെയും പൊലീസ് കണ്ടെത്തി മൊഴിയെടുത്തു. ഇവരും തങ്ങള്‍ക്ക് സംഭവം അറിയില്ലെന്നു മൊഴി നല്‍കി. ഇതോടെയാണ് കടവത്ത് അബ്ദുല്ല നല്‍കിയ ഇമെയില്‍ പരാതി വ്യാജമാണെന്നു കണ്ടെത്തി കേസെടുത്തതെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page