കൊളത്തൂര്‍, നിടുവോട്ട് കൂട്ടില്‍ കുടുങ്ങിയത് ഇണയെത്തേടി നാടു മുഴുവന്‍ അലഞ്ഞ് ഭീതി പരത്തിയ അഞ്ചു വയസ്സുള്ള ആണ്‍പുലി; എവിടെ തുറന്നു വിടണമെന്ന കാര്യത്തില്‍ അവ്യക്തത

കാസര്‍കോട്: ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂര്‍, നിടുവോട്ട് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ കുടുങ്ങിയ പുലിയെ എവിടെ തുറന്നു വിടണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. കുറ്റിക്കോല്‍, പള്ളത്തുങ്കാലിലെ വനം വകുപ്പ് ഓഫീസിന്റെ മുറ്റത്തേക്കു മാറ്റിയ കൂട്ടില്‍ പുലി ശാന്തനായി ഉറങ്ങുകയാണ്. കണ്ണൂരില്‍ നിന്നും എത്തിയ വെറ്റിനറി ഡോക്ടര്‍ പുലിയെ പരിശോധിച്ചു. പുറമേക്ക് പരിക്കുകളൊന്നും കാണാത്തതിനാല്‍ പുലിയെ സുരക്ഷിത കേന്ദ്രത്തില്‍ തുറന്നു വിടുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായമാണ് ഡോക്ടര്‍ വ്യക്തമാക്കിയത്. അഞ്ചു വയസ്സുള്ള ആണ്‍ പുലിയാണ് നിടുവോട്ടെ ജനാര്‍ദ്ദനന്റെ റബ്ബര്‍ തോട്ടത്തില്‍ വച്ച കൂട്ടില്‍ കുടുങ്ങിയത്. ഫെബ്രുവരി 23നും ഇതേ സ്ഥലത്തു നിന്നു ഒരു പുലിയെ വനം വകുപ്പ് കൂടു സ്ഥാപിച്ച് പിടികൂടിയിരുന്നു. അന്നു പിടികൂടിയത് പെണ്‍പുലിയെയായിരുന്നു. രണ്ടു പുലികള്‍ പ്രദേശത്തു ചുറ്റിക്കറങ്ങുന്നതായി നാട്ടുകാര്‍ നേരത്തെ പറഞ്ഞിരുന്നു. അവയിലൊന്നാണ് അന്ന് കൂട്ടില്‍ കുടുങ്ങിയത്. ഇണയെ കാണാതായതോടെ ആണ്‍ പുലി കൊളത്തൂര്‍ കടന്ന് സമീപ പ്രദേശങ്ങളിലൊക്കെ അലഞ്ഞു തിരിയുകയും ഭീതി പരത്തുകയും ചെയ്തിരുന്നു. ഒടുവില്‍ നിടുവോട്ട് തന്നെ തിരിച്ചെത്തിയപ്പോള്‍ വനം വകുപ്പിന്റെ ക്യാമറയില്‍ കുടുങ്ങുകയും ചെയ്തു. ഇതോടെയാണ് വീണ്ടും കൂടു വച്ചതും ഇണയെ തേടി നടന്ന ആണ്‍പുലി കെണിയില്‍ കുടുങ്ങിയതും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page