ഇരിയണ്ണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പുലി; ബേപ്പില്‍ വളര്‍ത്തു നായയെ കടിച്ചുകൊണ്ടു പോയി, മഞ്ചേശ്വരം, കനിലയിലും പുലിയിറങ്ങിയതായി സംശയം

കാസര്‍കോട്: ഇരിയണ്ണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പുലിയിറങ്ങി. ബേപ്പിലെ ഉദയന്‍ എന്നയാളുടെ വീട്ടുമുറ്റത്തേക്കാണ് ചൊവ്വാഴ്ച പുലര്‍ച്ചെ പുലി എത്തിയത്. നായയുടെ കരച്ചില്‍ കേട്ട് ഉദയന്‍ പുറത്തിറങ്ങി വെളിച്ചം തെളിച്ചപ്പോള്‍ നായയെ പുലി പിടിച്ചു കൊണ്ടു പോകുന്ന കാഴ്ചയാണ് കണ്ടത്. പ്രസ്തുത വീട്ടില്‍ രണ്ടു വളര്‍ത്തു നായകള്‍ ഉണ്ട്. കൂട്ടിനു പുറത്തു ഉണ്ടായിരുന്ന നായയാണ് പുലിയുടെ ഇരയായത്. ഇരിയണ്ണി, തീയടുക്കത്ത് തിങ്കളാഴ്ച പുലര്‍ച്ചെ പുലിയിറങ്ങിയിരുന്നു. റബ്ബര്‍ ടാപ്പിംഗിനു പോയ മാലോം, വള്ളിക്കടവ് സ്വദേശി ആര്‍ ജ്യോതിഷ് (42) ആണ് പുലിയെ കണ്ടത്. തീയടുക്കത്തെ സി. സുകുമാരന്റെ തോട്ടത്തില്‍ ടാപ്പിംഗിനു പോയതായിരുന്നു ജ്യോതിഷ്. പുലിയെ തൊട്ടടുത്തു കണ്ട് കത്തിയെറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു ഇദ്ദേഹം. ഞായറാഴ്ച പുലര്‍ച്ചെ ഇരിയണ്ണിയിലെ നാരായണന്റെ വീട്ടുമുറ്റത്തു കെട്ടിയിട്ടിരുന്ന നായയെ പുലി പിടിച്ചിരുന്നു. തല വീട്ടുമുറ്റത്തു ഉപേക്ഷിച്ചാണ് പുലി സ്ഥലം വിട്ടത്. ഇടവേളക്കു ശേഷം ഇരിയണ്ണിയിലും പരിസരപ്രദേശങ്ങളിലും വീണ്ടും പുലി ഇറങ്ങിയത് നാടിനെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ജാഗ്രത പാലിക്കാന്‍ വനം വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം മഞ്ചേശ്വരം, കനില ഭഗവതി ക്ഷേത്രത്തിനു സമീപത്തും പുലിയിറങ്ങിയതായി സംശയിക്കുന്നു. ഓട്ടോ ഡ്രൈവറാണ് കഴിഞ്ഞ ദിവസം പുലിയെ കണ്ടത്. സ്ഥലത്തു നിന്നും പുലിയുടേതെന്നു സംശയിക്കുന്ന ഏതാനും കാല്‍പാദങ്ങളുടെ അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page