മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്താന്‍ ക്രൂരമായ കൊലപാതകം: പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് കൊലക്കേസില്‍ മൂന്നു പേര്‍ കുറ്റക്കാര്‍; ശിക്ഷാ വിധി മറ്റന്നാള്‍

മലപ്പുറം: മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്താന്‍ പാരമ്പര്യ വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തി. ഒന്നാം പ്രതി ഷൈബിന്‍ അഷ്റഫ്, രണ്ടാം പ്രതി ഷിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നിവരെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയത്. 12 പ്രതികളെ വെറുതെ വിട്ടു. കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷാ മറ്റന്നാള്‍ വിധിക്കും. മൈസൂര്‍ സ്വദേശിയായ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റക്കാരാണെന്നു കണ്ടെത്തിയത്. മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂര്‍ത്തിയാക്കിയ കേരളത്തിലെ ആദ്യകേസാണ് ഇത്. 2019 ല്‍ ആഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം തുടങ്ങുന്നത്. പാരമ്പര്യ വൈദ്യനായ ഷാബാ ഷരീഫിനെ ചികിത്സക്കെന്നു പറഞ്ഞാണ് ഒന്നാം പ്രതി ഷൈബിന്‍ അഷ്റഫും കൂട്ടാളികളും മൈസൂരിലെ വീട്ടില്‍ നിന്നു കൂട്ടിക്കൊണ്ടുവന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്തുകയായിരുന്നു ലക്ഷ്യം. ഒരു വര്‍ഷത്തിലധികം കാലം ഷൈബിന്റെ നിലമ്പൂരിലെ മുക്കട്ടയിലെ വീട്ടില്‍ ഷാബാ ഷരീഫിനെ തടവില്‍ പാര്‍പ്പിച്ചു ക്രൂരമായി മര്‍ദ്ദിച്ചുവെങ്കിലും രഹസ്യം പുറത്തു വിട്ടില്ല.
2020 ഒക്ടോബര്‍ എട്ടിനു മര്‍ദ്ദനത്തിനിടെ ഷാബാ ഷരീഫ് കൊല്ലപ്പെട്ടു. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ ഒഴുക്കി. ശരീരഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഷാബാ ഷെരീഫിന്റെ തലമുടിയുടെ ഡിഎന്‍എ പരിശോധനാഫലം കേസില്‍ നിര്‍ണ്ണായകമായി. മാപ്പുസാക്ഷിയാക്കപ്പെട്ട ഏഴാം പ്രതി സുല്‍ത്താന്‍ ബത്തേരിയിലെ നൗഷാദ് എന്ന മോനുവിന്റെ സാക്ഷി മൊഴികളും നിര്‍ണ്ണായകമായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page