കാസര്‍കോട്: ഓണാഘോഷത്തിനായി സ്വന്തം വീട്ടിലേയ്ക്കു പോയ സമയത്ത് അധ്യാപക ദമ്പതികളുടെ വീടു കുത്തി തുറന്ന് കവര്‍ച്ച നടത്തിയതായി പരാതി. കൊടിയമ്മ, സ്‌കൂളിലെ റിട്ടയേര്‍ഡ് പ്രധാനാധ്യാപകന്‍ ടി.ജെ. തോമസിന്റെ
ഇരുനില വീട്ടിലാണ് കവര്‍ച്ച നടന്നത്. തോമസും ഭാര്യയും കുമ്പളയിലെ സ്‌കൂളിലെ പ്രധാനാധ്യാപികയുമായ സോഫിയാമ്മയും ഓണാഘോഷത്തിനു സ്വദേശമായ തളിപ്പറമ്പ്, ആലക്കോട്, തേര്‍ത്തല്ലിയിലെ വീട്ടിലേയ്ക്കു പോയിരുന്നു.

22ന് രാവിലെയാണ് ഇരുവരും വീട്ടില്‍ നിന്നു ഇറങ്ങിയത്. ഇന്ന് (തിങ്കള്‍) രാവിലെ ഒന്‍പതുമണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.
ഇരുനില വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. കിടപ്പു മുറികളിലെ അലമാരകളെല്ലാം കുത്തിത്തുറന്ന് തുണിത്തരങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്.
അലമാരകളില്‍ ഉണ്ടായിരുന്ന മുക്കാല്‍ പവന്‍ തൂക്കമുള്ള കമ്മല്‍, അരപവന്‍ തൂക്കമുള്ള മോതിരം എന്നിവ നഷ്ടപ്പെട്ടതായി വീട്ടുടമയായ ടി ജെ തോമസ് പറഞ്ഞു. അലമാരയ്ക്കകത്തുണ്ടായിരുന്ന പണം സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.







