മകളുടെ പിറന്നാളിന് ലണ്ടനില്‍ നിന്ന് നാട്ടിലെത്തിയ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ വെട്ടിക്കൊന്ന് 15 കഷ്ണങ്ങളാക്കി; ശരീരഭാഗങ്ങള്‍ സിമന്റ് നിറച്ച ഡ്രമ്മിനുള്ളില്‍ അടച്ചുവെച്ചു, ശേഷം നാടുവിട്ട ഭാര്യയെയും കാമുകനെയും പൊലീസ് പിടികൂടി

മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. 29 കാരനായ സൗരഭ് രാജ്പുത്താണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം നാടുവിട്ട ഭാര്യ മുസ്‌കാന്‍ റസ്‌തോഗിയെയും കാമുകന്‍ സാഹില്‍ ശുക്ല എന്ന മോഹിതിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മീററ്റിലെ ബ്രഹ്‌മപുരി മേഖലയിലാണ് സംഭവം. മാര്‍ച്ച് നാലിനാണ് മുസ്‌കാനും സാഹിലും ചേര്‍ന്ന് സൗരഭിനെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം 15 കഷണങ്ങളായി വെട്ടിനുറുക്കി ഡ്രമ്മിലാക്കി സിമന്റ് തേച്ച് അടയ്ക്കുകയായിരുന്നു. സൗരഭിന്റെ കുടുംബം നല്‍കിയ പരാതിയില്‍ 14 ദിവസത്തിന് ശേഷം വാടക വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 2016 ലാണ് സൗരഭ് രാജ്പുത്തും മുസ്‌കാന്‍ റസ്തോഗിയും വിവാഹിതരാകുന്നത്. പ്രണയവിവാഹമായതിനാല്‍ ഇരു വീട്ടുകാര്‍ക്കും ബന്ധത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. പിന്നീട് വാടക വീട്ടിലാണ് താമസിച്ചത്. 2019 ല്‍ ദമ്പതികള്‍ക്ക് ഒരു മകള്‍ പിറന്നു. അതിനിടെയാണ് തന്റെ സുഹൃത്തായ സാഹിലുമായി മുസ്‌കാന് അവിഹിത ബന്ധമുണ്ടെന്ന് സൗരഭ് അറിഞ്ഞത്. ഇതോടെ വിവാഹ ബന്ധം പിരിയാന്‍ തീരുമാനിച്ചെങ്കിലും മകളുടെ ഭാവി ഓര്‍ത്ത് സൗരഭ് പിന്മാറുകയായിരുന്നു. പിന്നീട് മര്‍ച്ചന്റ് നേവിയിലെ ജോലി ലഭിച്ചതോടെ സൗരഭ് ലണ്ടനിലേക്ക് പോയി. ഈസമയത്ത് സുഹൈലും മുസ്‌കാനും കൂടുതല്‍ അടുത്തു. സൗരഭ് മകളുടെ പിറന്നാളിനായി ഈ വര്‍ഷം ഫെബ്രുവരി 24 നാണ് നാട്ടിലെത്തിയത്. ഭര്‍ത്താവ് ഒരു ശല്യമാകും എന്ന് സംശയിച്ച മുസ്‌കാന്‍ സൗരഭിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് നാലിന് സൗരഭിന്റെ ഭക്ഷണത്തില്‍ മുസ്‌കാന്‍ ഉറക്കഗുളിക ചേര്‍ത്തു. ഉറക്കത്തിനിടെ കത്തി ഉപയോഗിച്ച് കുത്തി കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം കുളിമുറിയില്‍ കൊണ്ടുപോയി നെഞ്ചില്‍ കുത്തി, കഴുത്ത് അറുത്ത്, കൈകാലുകള്‍ വെട്ടി, 15 കഷണങ്ങളാക്കി, ഒരു പ്ലാസ്റ്റിക് ഡ്രമ്മില്‍ ഇട്ട് സീല്‍ ചെയ്തു. ശേഷം സൗരഭിന്റെ ഫോണുമായി മുസ്‌കാന്‍ സാഹിലിനൊപ്പം ഉത്തരാഖണ്ഡിലെ കൗസാനിയിലേക്ക് പോയി. ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെന്ന് മറ്റുള്ളവരെ അറിയിക്കാന്‍ മുസ്‌കാന്‍ ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ സൗരഭിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിരുന്നു. സൗരഭിന്റെ ഫോണില്‍ നിന്നും കുടുംബത്തിന് മേസേജ് അയച്ചാണ് സംശയം ഒഴിവാക്കിയത്. എന്നാല്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടും സൗരഭ് കോളുകള്‍ എടുക്കാതിരുന്നതോടെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മുസ്‌കാനെയും സാഹിലനെയും കസ്റ്റഡിയിലെടുത്തതോടെ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഡ്രമ്മില്‍ താഴ്ത്തി സിമന്റ് ഉപയോഗിച്ച് മൂടുകയായിരുന്നു എന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. കാണാതായി 14 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. ഇരുവരെയും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page