വീര ചരിത്രങ്ങളുറങ്ങുന്ന കരിവെള്ളൂര്‍, പേരിലും പ്രശസ്തിയിലും ഇന്നും മുന്നില്‍ തന്നെയാണ്.
പലപേരില്‍ അറിയപ്പെടുന്ന പല പ്രദേശങ്ങളും ഇവിടെയുണ്ടെങ്കിലും, വ്യത്യസ്തമായ പേരില്‍ അറിയപ്പെടുന്ന നാല് പ്രദേശങ്ങളുണ്ട്. പേരിന്റെ അവസാനം കുന്നുകള്‍ കൊണ്ട് അറിയപ്പെടുന്നവ.
പാലക്കുന്ന്, ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്ന ഓണക്കുന്ന്, കരിവെള്ളൂരിന്റെ തെക്കേ അതിര്‍ത്തിയായ ചേടിക്കുന്ന്, കിഴക്കേ അതിര്‍ത്തയില്‍ നില്‍ക്കുന്ന കൂളിക്കുന്ന്’ ഇവരൊക്കെയാണ് അവ. ഞങ്ങടെ പാലക്കുന്നിന് ഈ പേര് വന്നെതെങ്ങനെയാണെന്ന ചോദ്യത്തിന് സത്യമോ അസത്യമോ എന്നറിയാത്ത ഒരു കഥയുണ്ട്.
പണ്ടിവിടെ ഒരു പാലമരമുണ്ടായിരുന്നു പോലും. ഈ പാല ഉണ്ടായിരുന്നത് ഒരു കുന്നിന്‍പ്രദേശത്തുമായിരുന്നു. അങ്ങനെ പാല നില്‍ക്കുന്ന കുന്നാണെന്ന് പറഞ്ഞു പറഞ്ഞു പാലക്കുന്ന് ആയെന്നാണ് കേട്ട്‌കേള്‍വി.
പിന്നീട് പാല വെട്ടി കളയുകയും കുന്നിടിച്ചു നിരത്തുകയും ചെയ്തു. പക്ഷെ പാലക്കുന്നെന്ന പേര് ആരാലും ഇളക്കി മാറ്റാനാവാതെ ഉറച്ചു നില്‍ക്കുന്നു.
1965ല്‍ ഞാന്‍ കുറച്ചു കാലം പാലക്കുന്നില്‍ താമസിച്ചിരുന്നു.
അന്ന് ഒമ്പതാം ക്ലാസുകാരനാണ്. അമ്മാവന്റെ കടയില്‍ അദ്ദേഹത്തെ സഹായിക്കാന്‍ നിന്നതാണ്.
പിന്നെ അവിടന്നാകുമ്പോള്‍ ഓണക്കുന്നിലെ സ്‌കൂളിലെത്താന്‍ സൗകര്യവുമാണ്.
അങ്ങനെയാണ് അവിടെ അല്‍പകാലം താമസമുറപ്പിച്ചത്.
അക്കാലത്ത് മറക്കാന്‍ പറ്റാത്ത ചില വ്യക്തികളും സ്ഥാപനങ്ങളും അവിടെ ഉണ്ടായിരുന്നു.
അതില്‍ എടുത്തു പറയേണ്ട ഒരു വ്യക്തിയാണ് ‘താള് കാച്ചി മമ്മിച്ച ‘എന്ന് നാട്ടുകാരൊക്കെ വിളിക്കുന്ന എം. മുഹമ്മദ്. കച്ചവടക്കാരനാണ്. ഉയരം കൂടിയ മനുഷ്യന്‍.
നാട്ടില്‍ സൈക്കിളുകളൊന്നും പ്രചാരത്തിലില്ലാത്ത കാലമാണെങ്കിലും മമ്മിച്ചാനു സൈക്കിളുണ്ടായിരുന്നു.
പക്ഷേ അതു നന്നേ പഴക്കം ചെന്നതാണ്. എങ്കിലും മൂപ്പരുടെ യാത്ര എന്നും അതില്‍ തന്നെയാണ്.
ആരെങ്കിലും മോഷ്ടിച്ചു കൊണ്ട് പോകുമോ എന്ന ഭയം കൊണ്ട് പീടികയും പൂട്ടി വീട്ടിലെത്തിയാല്‍ സൈക്കിള്‍ ചൂടിക്കയര്‍ ഉപയോഗിച്ച് തെങ്ങിനോട് ചേര്‍ത്ത് കെട്ടിവെക്കും.
സൈക്കിള്‍ ലോക്ക് ചെയ്യാനുള്ള സംവിധാനമൊന്നും അന്നില്ലായിരുന്നു. മൂപ്പര്‍ക്ക് വേറൊരു അത്ഭുതസാധനം കൂടി അന്ന് സ്വന്തമായുണ്ടായിരുന്നു.
പാലക്കുന്നിലെ ആ വീട്ടിലെ അത്ഭുത യന്ത്രം കാണാന്‍ കുട്ടികളായ ഞങ്ങളൊക്കെ ചെല്ലുമായിരുന്നു.
അതെന്താണെന്നോ ഒരു പെട്ടിപ്പാട്ട്.
നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഗ്രാമഫോണ്‍.
അതിന്റെ ചാവി കൊടുത്ത് പ്ലേറ്റ് വെച്ച് കറങ്ങാന്‍ തുടങ്ങുമ്പോള്‍ സൂചി പോലുള്ള വസ്തു ഘടിപ്പിച്ച ഹാന്റില്‍, പ്ലേറ്റിന് മുകളില്‍ വെച്ചു കൊടുത്താല്‍ പാട്ടുകേള്‍ക്കാം. ഞങ്ങള്‍ക്കിടയില്‍ അന്നതൊരു വല്ലാത്ത അത്ഭുതം തന്നെയായിരുന്നു. ഇതൊക്കെ വലിയൊരു പെട്ടിയിലാണ് ഘടിപ്പിച്ചിരുന്നത്.
അതുകൊണ്ടായിരിക്കും ചിലപ്പോഴതിനെ പെട്ടിപ്പാട്ട് എന്നറിയപ്പെട്ടിരുന്നത്.
വേറൊരാളാണ് നാട്ടുകാരൊക്കെ സി.വി. എന്ന് വിളിക്കുന്ന കഠിനാധ്വാനിയായ കര്‍ഷകന്‍.
ഇദ്ദേഹം പ്രമുഖ കമ്യൂണിസ്റ്റ്കാരനായ വി.വി.കുഞ്ഞമ്പുവിന്റെ സഹോദരന്‍ കൂടിയാണ്.
പത്താം നമ്പര്‍ മുണ്ടുടുത്ത് പകലന്തിയോളം സ്വന്തം പറമ്പില്‍ പണിയെടുത്തിരുന്ന മാതൃകാകര്‍ഷകനാണ്.
ഇടയ്ക്ക് പറമ്പില്‍ നിന്ന് റോഡിലേക്കിറങ്ങും.
ചിരിച്ചു കൊണ്ട് റോഡില്‍ കൂടി പോകുന്നവരോട് സ്‌നേഹസംഭാഷണം നടത്തും.
മറക്കാന്‍ കഴിയാത്ത വ്യക്തിത്വമാണദ്ദേഹത്തിന്റേത്.
പിന്നെയുണ്ടായിരുന്നത് പാലക്കുന്നിലെ തലയെടുപ്പുള്ള കമ്യൂണിസ്റ്റ് നേതാണ് എം.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന എം.പി. ചെറിയമ്പുവായിരുന്നു. നിശ്ശബ്ദനായ ഉറച്ച പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു.
പോരാത്തതിന് പഞ്ചായത്ത് മെമ്പറും.
നാട്ടിലെ പൊതുപ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം.
പാലക്കുന്നിലും പരിസര പ്രദേശങ്ങളിലും ഒരു പാടു ഭൂസ്വത്ത് ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ബീരാന്‍ എന്ന ബീരാങ്ക. കരിവെള്ളൂരിലെ ആദ്യ മുസ്ലിം അധ്യാപകനായ ഒ.ടി. അബ്ദുള്ള മാഷിന്റെ പിതാവാണദ്ദേഹം.
നല്ലൊരു കര്‍ഷകനുമായിരുന്നു ബീരാങ്ക.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിരവധി ശിഷ്യ സമ്പത്തുള്ള ‘മൊയ്‌ലാര്‍ക്ക’ പാലക്കുന്നിലെ നല്ലൊരു ഭൂവുടമ കൂടിയായിരുന്നു.
ശുഭ്ര വസ്ത്രധാരിയായി സുസ്‌മേരവദനനായി റോഡിലൂടെ നടന്നു പോകുന്ന മൊയ്‌ലാര്‍ക്കയെ ആദരവോടെയാണ് സകലരും നോക്കിക്കണ്ടിരുന്നത്.
കിഴങ്ങ് മാഷ് എന്ന് നാട്ടുകാരെല്ലാം തമാശക്ക് വിളിക്കുന്ന മാന്യ ഗുരു സ്‌കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്ത എന്‍.പി. നാരു ഉണിത്തിരി മാഷ്, നല്ല കര്‍ഷകനും മികച്ച പ്രഭാഷകനുമായിരുന്നു.
എല്ലാവരും ആദരിക്കുന്ന അധ്യാപകനും.
പാലക്കുന്നിലെ പേരുകേട്ട കച്ചവടക്കാരനാണ് അബ്ദുറഹിമാന്‍ ഹാജി. റോഡരുകില്‍ വീടിനോട് ചേര്‍ന്ന് കെട്ടിയ വലിയൊരു പീടികയിലാണ് അദ്ദേഹത്തിന്റെ അനാദി കച്ചവടം.
ആ കെട്ടിടത്തിന്റെ വടക്കേ അറ്റത്തെ മുറിയില്‍ കമ്മാരേട്ടന്‍ ഹോട്ടല്‍ നടത്തിയിരുന്നു.
തുടര്‍ന്ന് തൊണ്ടച്ചന്‍ അമ്പു എന്ന് പേരായ വ്യക്തിയാണ് ഹോട്ടല്‍ നടത്തിയിരുന്നത്. അതേ കെട്ടിടത്തില്‍ റേഷന്‍ ഷാപ്പും തയ്യല്‍ ഷോപ്പും ഉണ്ടായിരുന്നു. പാലക്കുന്നില്‍ ആദ്യമായി ലാന്റ് ഫോണ്‍ കിട്ടിയത് ഹാജിക്കാന്റെ പീടികയിലായിരുന്നു.
ഹാജിക്ക തമാശക്കാരനും അതേ പോലെ ഗൗരവക്കാരനുമായിരുന്നു. ഫോണ്‍ കിട്ടിയ ആദ്യദിനങ്ങളിലൊന്ന് വെല്ലത്തിന്റെ വില അറിയാന്‍ പയ്യന്നൂരിലെ ഹോള്‍സെയില്‍ കച്ചവടക്കാരനെ ഒരാണി വെല്ലം കയ്യിലെടുത്ത് പിടിച്ച് ഫോണിലൂടെ ഇജ്ജാതി വെല്ലത്തിനെത്ര പൈസ എന്ന് അന്വേഷിച്ചതായി പലരും തമാശ പറയുന്നത് കേട്ടിട്ടുണ്ട്. ചിലപ്പോള്‍ വെറും തമാശക്ക് ആരോ പടച്ചു വിട്ടതാവാം. എന്നാലും നാട്ടുകാര് മുഴുവന്‍ അന്നത് ഏറ്റു പാടിയിരുന്നു.
എന്നാലും നാട്ടുകാര്‍ക്ക് ഏറെ പ്രായപ്പെട്ടവനാണ് ഈ ഹാജിക്ക. സംശുദ്ധമായ കച്ചവടക്കാരനുമാണ്. ‘ആജിക്കാന്റെ പീട്യ’ നാടൊട്ടൊക്കും അറിയുന്ന കച്ചവട പീടികയായിരുന്നു.
അന്ന് റോഡിന് പടിഞ്ഞാറുഭാഗത്തുള്ള പീടികയില്‍ എന്റെ അമ്മാവന്‍ വാടകയ്ക്ക് കച്ചവടം നടത്തിയിരുന്നു.
സി.ഐ.ഡി. മുഹമ്മദ് എന്നാണ് നാട്ടുകാരൊക്കെ അമ്മാവനെ വിളിക്കാറ്. പ്രസ്തുത പീടികയിലാണ് ഞാന്‍ സഹായിയായി നിന്നിരുന്നത്.
ആ പീടികയുടെ ഒരു ഭാഗത്ത് ചിണ്ടേട്ടന്റെ ചായപ്പീടിക ഉണ്ടായതായും ഓര്‍ക്കുന്നു.
അതിന് സമീപത്തായി ശാസ്ത്രിജി ആര്‍ട്‌സ് ക്ലബ്ബിന്റെ ഒരു കെട്ടിടവും.
ഇവിടെ സൂചിപ്പിച്ചതെല്ലാം 1964 ല്‍ ഞാന്‍ കണ്ട പാലക്കുന്നിനെ കുറിച്ചാണ്. അന്ന് ഞാന്‍ താമസിച്ചിരുന്ന അമ്മാവന്റെ വീട് പിന്നീട് വിറ്റു.
അമ്മാവന്‍ താമസം മാറി.
ഞാന്‍ അധ്യാപകനായി മാറിയപ്പോള്‍ അതേ വീട് വിലക്കു വാങ്ങിയ ടി.പി. അബ്ദുറഹിമാന്‍ മാഷ് വിവാഹാലോചനയുമായി എന്നെ സമീപിച്ചു.
1974 ല്‍ അവിടേക്ക് ഞാന്‍ മാഷിന്റെ മൂത്ത മകളുടെ വരനായി എത്തുകയായിരുന്നു. തുടര്‍ന്നങ്ങോട്ട് ഞാന്‍ ശരിക്കും പാലക്കുന്നുകാരനായി.
1965 ലെത്തുമ്പോഴേക്കും പാലക്കുന്നിന്റെ രൂപവും ഭാവവും പതിയെ മാറി വന്നു. വെള്ളച്ചാല്‍ റോഡില്‍ തന്നെ ഹാജിക്കാന്റെ മകന്‍ സലാം വലിയൊരു പീടിക നിര്‍മ്മിച്ചു. തൊട്ടടുത്ത് ഹാജിക്കാന്റെ മകള്‍ വേറൊരു കച്ചവട പീടിക കെട്ടിടമുണ്ടാക്കി.
നാഷണല്‍ ഹൈവേ 60 വന്നപ്പോള്‍ പാലക്കുന്നിന്റെ മുഖഛായ ഒന്നുകൂടി മാറി. പേരു കേട്ട പാട്ടിയമ്മ സ്‌കൂള്‍ കുട്ടികളുടെ കുറവുമൂലം വര്‍ഷംതോറും ഡിവിഷനുകളും ക്ലാസുകളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
പഴയ കൊച്ചു വീടുകളൊക്കെ മാറി. എല്ലാം ഇരു നില വാര്‍പ്പു ബില്‍ഡിംഗുകളായി. പെട്രോള്‍ പമ്പു സ്ഥാപിച്ചു.
ആരോഗ്യ രംഗത്ത് പാലക്കുന്നില്‍ ഒരു സ്വകാര്യ ഹോമിയോപതി ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി. റേഷന്‍ഷോപ്പും, ബേക്കറിയും, കെട്ടിടപ്ലാനും എസ്റ്റിമേറ്റും ഉണ്ടാക്കുന്ന സ്ഥാപനങ്ങളും വന്നു. ചെറുതാണെങ്കിലും നാട്ടുകാരുടെ ആവശ്യം കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ബാലകൃഷ്ണന്റെ ഹോട്ടലും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപം കൊടുത്ത പാലക്കുന്ന് പാഠശാല കണ്ണൂര്‍ ജില്ലയിലെ മികച്ച ഗ്രന്ഥാലയമായി മാറിക്കഴിഞ്ഞു.
പാഠശാലക്കു വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 27ന് നടക്കുകയാണ്. ആദ്യം ഉടലെടുത്ത ശാസ്ത്രി ജി ക്ലബ്ബും പുതിയൊരു കെട്ടിടത്തിലേക്ക് മാറിയിട്ടുണ്ട്. അങ്ങനെ വര്‍ഷങ്ങളുടെ കടന്നുപോക്കിനനുസരിച്ച് പഴയതില്‍ നിന്നും പലതും പുതുമയിലേക്ക് ചുവടുമാറി.
നാട് നഗരമായി വളര്‍ന്നു.
പാലക്കുന്നില്‍ ഇനിയും വികസനത്തിന്റെ പുതിയ വെളിച്ചം കടന്നു വരട്ടെയെന്ന പ്രാര്‍ത്ഥനയോടെ നമുക്ക് കാത്തിരിക്കാം, അല്ലേ.
