രാജ്‌കോട്ട്: ഒരു വിവാഹം കൂടി കഴിക്കണമെന്ന 80-കാരന്റെ ആഗ്രഹത്തിന് തടസം നിന്ന 52 വയസ്സുള്ള മകനെ വെടിവെച്ച് കൊന്നു. ഗുജറാത്തിലെ രാജ്കോട്ടിലെ ജസ്ദാനിലാണ് സംഭവം. രാംഭായ് ബോറിച്ചയാണ് മകന്‍ പ്രതാപ് ബോറിച്ചയെ വെടിവച്ചു കൊന്നത്. സംഭവ ദിവസം വിവാഹവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മറ്റെന്തങ്കിലും തര്‍ക്കമാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പൊലീസ് കരുതിയത്. എന്നാല്‍ 20 വര്‍ഷം മുമ്പ് ഭാര്യ മരിച്ചതിനെത്തുടര്‍ന്ന് രാംഭായി വീണ്ടും വിവാഹം കഴിക്കാനുള്ള ആഗ്രഹം പറയുകയും അതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്നും പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. പുനര്‍വിവാഹം കഴിക്കാനുള്ള പിതാവിന്റെ തീരുമാനത്തെ മൂത്ത മകനായ പ്രതാപ് എതിര്‍ത്തു. ഇതില്‍ പ്രകോപിതനായ രാംഭായ് തോക്കെടുത്ത് മകനു നേരെ രണ്ടു തവണ നിറയൊഴിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ പ്രതാപ് കൊല്ലപ്പെട്ടു.
രാവിലെ രാംഭായിക്ക് ചായ നല്‍കി അടുക്കളയിലേക്ക് പോകുമ്പോഴാണ് രണ്ടു തവണ വെടിയൊച്ച കേട്ടതെന്നു പ്രതാപിന്റെ ഭാര്യ ജയ ബെന്‍ പൊലീസിന് മൊഴി നല്‍കി. ജയ ഓടിയെത്തിയപ്പോള്‍ അവരെയും ആക്രമിക്കാന്‍ ശ്രമിച്ചു. പിന്നീട് ഒരുവിധം രക്ഷപ്പെട്ടോടിയ അവര്‍ മകന്‍ എത്തിയ ശേഷം സംഭവ സ്ഥലത്ത് തിരിച്ചെത്തുകയായിരുന്നു. അപ്പോഴേക്കും ഭര്‍ത്താവ് രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. മകനെ കൊലപ്പെടുത്തിയശേഷം മൃതദേഹത്തിനരികില്‍ നിര്‍വികാരനായി ഇരിക്കുകയായിരുന്നു രാംഭായി. വിിവരത്തെ തുടര്‍ന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
