കാസര്‍കോട്: കാസര്‍കോട്ട് വഴി നടക്കുന്നതിനു നായ്ക്കൂട്ടത്തെ അനുസരിക്കുന്നതു നല്ലതാണെന്നു കാല്‍ നടയാത്രക്കാര്‍ മുന്നറിയിക്കുന്നു.
ഈ പരിഗണനയൊന്നുമില്ലാതെ നടന്നു പോയതിനു അമ്പതോളം പേര്‍ നായകളുടെ കടിയേറ്റു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ജനറല്‍ ആശുപത്രിയില്‍ എത്തിക്കഴിഞ്ഞു. നായകടിക്കുള്ള പ്രതിരോധ കുത്തിവയ്പ് എല്ലാ ആശുപത്രികളിലുമില്ലാത്തതിനാലാണ് കടിയേല്‍ക്കുന്നവര്‍ കാസര്‍കോട്ടെത്തുന്നത്. അതേസമയം പട പേടിച്ചു പന്തളത്തെത്തിയപ്പോള്‍ അവിടെയും പടയെന്നു പറഞ്ഞപോലെ നായയെ പേടിച്ചു കാസര്‍കോട്ടെത്തുന്നവരെയും പ്രധാന റോഡുകളില്‍ സംഘം ചേര്‍ന്നു മുറുമുറുത്തു നടക്കുന്ന നായ്ക്കൂട്ടങ്ങള്‍ പേടിപ്പെടുത്തുന്നു.

മറ്റെല്ലാ രംഗത്തുമെന്നപോലെ തെരുവുനായ്ക്കള്‍ ഉണ്ടാകാതിരിക്കാനും നിയമവും പദ്ധതികളും കടക്കെണിയിലും വേണ്ടത്ര പണവും വര്‍ഷങ്ങളാല്‍ ചെലവഴിക്കുന്നുണ്ട്. ദൗര്‍ഭാഗ്യമെന്നു പറയട്ടെ അതിനനുസരിച്ചു തെരുവു നായകളുടെ എണ്ണവും വര്‍ധിക്കുന്നു.
തെരുവുനായ ശല്യം ഒഴിവാക്കുന്നതിനു നടപ്പാക്കിയ പദ്ധതിയും അതിനു ചെലവാക്കിയ തുകയുടെ കണക്കും അധികൃതര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. പക്ഷേ, കടലാസിലെ തെരുവുനായ അല്ലല്ലോ വഴിയാത്രക്കാരെ വളഞ്ഞിട്ടു കടിക്കുന്നത്. ഇനിയിപ്പോ ഇങ്ങനെയൊക്കെ അനുഭവിക്കാനായിരിക്കും വിധിയെന്നു സമാധാനിക്കുന്നവരുമുണ്ട്.







