കാസര്‍കോട്: നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടും ഐജയുടെ മരണത്തില്‍ സമഗ്ര അന്വേഷണവും ആവശ്യപ്പെട്ടു എസ് എഫ് ഐ പ്രവര്‍ത്തകര്‍ കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോസ്റ്റ് ഓഫീസിന് മുന്നില്‍ ബാരിക്കേഡ് വച്ച് പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡ് കടന്ന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ചില പ്രവര്‍ത്തകര്‍ പൊലീസ് വലയം ഭേദിച്ച് കടക്കുകയും ചെയ്തതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. പിന്നാലെ ജലപീരങ്കിയും പ്രയോഗിച്ചു. പിന്നീട് പൊലീസ് പ്രര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കി. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധമാര്‍ച്ച് നടന്നത്. പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദാണ് ഉദ്ഘാടനം ചെയ്തത്. ജില്ലാ പ്രസിഡന്റ് അദിനാന്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി വൈഷ്ണവ്, എം അനുരാജ്, ജില്ലാ വൈസ് പ്രസിഡന്റ് കവിത കൃഷ്ണന്‍ സംസാരിച്ചു.ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. ജൂണ്‍ 2 ന് പാലായിലെ സ്വകാര്യ നീറ്റ് കോച്ചിങ് സെന്ററില്‍ വെച്ചായിരുന്നു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. പരീക്ഷയ്ക്കായുള്ള തുടര്‍പരിശീലനത്തിന് പോയ കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൂച്ചക്കാട് മുക്കൂട് കിഴക്കേക്കര പൊക്കണംമൂലയില്‍ കാദംബരി ഹൗസില്‍ മഹേഷ്-രാധിക ദമ്പതികളുടെ മകളായിരുന്നു ഐജ ആര്‍ മഹേഷ്.






