കാസര്‍കോട്: ഇരുചക്ര വാഹനത്തില്‍ യാത്രചെയ്യുകയായിരുന്ന പൂച്ചക്കാട് സ്വദേശിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് പ്രതി പള്ളിക്കര പൂച്ചക്കാട് ചെറിയ പള്ളിക്കടുത്ത് മുഹമ്മദ് റാഫി(35)യെ പൂച്ചക്കാട്ട് എത്തിച്ചത്. പ്രതിയെ
രണ്ടുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി
19 ന് സന്ധ്യയോടെ പൂച്ചക്കാട് അരയാല്‍ത്തറ കണ്ടത്തില്‍ കെ.എം. മുഹമ്മദ് കുഞ്ഞിയെ (52) ആണ് കാറിടിച്ച് വധിക്കാന്‍ ശ്രമിച്ചത്. ബൈക്കിന്റെ പിറകില്‍ കാറുകൊണ്ട് ഇടിച്ച ശേഷം ഇരുമ്പു പാര കൊണ്ട് കാല് തല്ലിപ്പിക്കുകയും തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. സാരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ബേക്കല്‍ പൊലീസ് കേസെടുത്തതോടെ യുവാവ് വിദേശത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തില്‍ ഗോവയില്‍ വച്ച് പിടിയിലാവുകയായിരുന്നു. ഇന്‍സ്പെക്ടര്‍ കെപി ഷൈന്‍, എസ്.ഐ സവ്യസാചി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.
