ഡഹ്റാഡൂൺ: അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസകൾക്ക് എതിരെ ഉത്തരാഖണ്ഡ് കർശന നടപടി ആരംഭിച്ചു. ഇത്തരത്തിൽ പ്രവർത്തിച്ചിരുന്ന 52 മദ്രസകൾ 15 ദിവസത്തിനുള്ളിൽ നിർത്തലാക്കിയെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. തിങ്കളാഴ്ച ഡെഹ്റാഡൂണിൽ 12 അനധികൃത മദ്രസകളും ഖാട്ടിമയിൽ ഒമ്പതു മദ്രസകളും സീൽ ചെയ്തു. നേരത്തെ ഉത്തരാഖണ്ഡിലെ വിവിധ ജില്ലകളിലെ 31 അനധികൃത മദ്രസകൾക്കെതിരെ നടപടിയെടുത്തുവെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. പച്ചാഡയിലും സംസ്ഥാനത്തിന്റെ മറ്റ് വിവിധ ഭാഗങ്ങളിലും അനധികൃത മദ്രസകളുടെ ശൃംഖല പ്രവർത്തിക്കുന്നു. മതത്തിന്റെ പേരിൽ അസന്തുലിതാവസ്ഥയും അസ്വസ്ഥതകളും ഏറെനാളായി ഈ ഭാഗങ്ങളിൽ ഉടലെടുക്കുന്നുണ്ടെന്ന് പരാതികൾ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൗഹാർദ്ദത്തോടെയുള്ള സംസ്ഥാനത്തിന്റെ സഹവർത്തിത്വം തകർക്കാനുള്ള നീക്കം ഏതു ഭാഗത്തുനിന്നുണ്ടായാലുംഅനുവദിക്കില്ലെന്നും അത്തരം നീക്കങ്ങൾക്കെതിരെ കർശന നിയമ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിൽ നിയമവാഴ്ച ഉറപ്പാക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു. അതിന്റെ ഭാഗമായി നിയമവിരുദ്ധ പ്രവർത്തനങ്ങളെ നിയമപരമായി അടിച്ചമർത്തും. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന
നടപടി തുടരുക തന്നെ ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിച്ചു.
