കുമ്പള ഗ്രാമപഞ്ചായത്ത് തീരുമാനം പഴയ ചാക്കുപോലെ; പഴയ ബസ് സ്റ്റാന്റില്‍ സ്വകാര്യ വാഹനപാര്‍ക്കിംഗ്

കുമ്പള: കുമ്പള ഗ്രാമപഞ്ചായത്ത് തീരുമാനം പഴയ ചാക്കുപോലെയാണെന്നു നാട്ടുകാര്‍ പറയുന്നു.
കുമ്പളയിലെ ട്രാഫിക് പരിഷ്‌കാരത്തിന്റെ ഭാഗമായി മുന്‍ പ്രസിഡന്റ് ബസ് പാര്‍ക്കിംഗ് പലയിടങ്ങളിലേക്കു മാറ്റിയിരുന്നു. അധികം കഴിയാതെ പുതിയ പ്രസിഡന്റ് അത് പഴയ ബസ് സ്റ്റാന്റില്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചു.
തീരുമാനം ചുവപ്പുനാടയില്‍ കെട്ടിമുറുക്കി പഞ്ചായത്ത് ഓഫീസിന്റെ മൂലക്ക് ചാടിയതിനെത്തുടര്‍ന്ന് സ്വകാര്യ വാഹനങ്ങള്‍ ബസ് സ്റ്റാന്റില്‍ പാര്‍ക്കിംഗ് ആരംഭിച്ചു. ബസ് സ്റ്റാന്റില്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് പൊലീസ്-ആര്‍ടിഒ അധികൃതര്‍ കെട്ടിത്തൂക്കിയ ഫ്‌ളക്‌സ് ബാനറിനു കീഴില്‍ത്തന്നെയാണ് അത്തരം വാഹനങ്ങള്‍ പാര്‍ക്കിംഗ് ആരംഭിച്ചിട്ടുള്ളത്.
പഞ്ചായത്തിന്റെ വാക്ക് മാറ്റത്തിലുള്ള പ്രതിഷേധമാണ് സ്വകാര്യ വാഹനപാര്‍ക്കിംഗിലൂടെ നാട്ടുകാര്‍ പ്രകടിപ്പിക്കുന്നതെന്ന് ആക്ഷേപമുണ്ട്. സീതാംഗോളി, ബദിയഡുക്ക, പെര്‍മുദെ, മുള്ളേരിയ, പെര്‍ള തുടങ്ങിയ സ്ഥലത്തേക്ക് പോകുന്ന ബസ്സുകള്‍ പഴയ സ്റ്റാന്റില്‍ കയറി യാത്രക്കാരെ ഇറക്കുകയും മടക്കയാത്രക്ക് അവിടെ നിന്നു യാത്രക്കാരെ കയറ്റണമെന്നും പഞ്ചായത്ത് നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം ബസ് ജീവനക്കാരും ഉടമകളും ഒരു വിഭാഗം വ്യാപാരികളും തമ്മിലുള്ള ഏറ്റുമുട്ടലിന് ഇടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇപ്പോള്‍ ഒരു വിഭാഗം വ്യാപാരികള്‍ കുമ്പള വഴിയുള്ള റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page