-പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: വൈറ്റ് ഹൗസിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ കാണപ്പെട്ട ആയുധധാരിയായ ഒരാളെ യുഎസ് സീക്രട്ട് സര്‍വീസ് വെടിവച്ചു. വെടിയേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറ്റ് ഹൗസിന്റെ പടിഞ്ഞാറ് വശത്തുള്ള ഐസന്‍ഹോര്‍ എക്സിക്യൂട്ടീവ് ഓഫീസ് കെട്ടിടത്തിനു സമീപമായിരുന്നു ഏറ്റുമുട്ടല്‍.
ഫ്‌ലോറിഡയിലെ തന്റെ വസതിയില്‍ വാരാന്ത്യം ചെലവഴിക്കുന്നതിനാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആ സമയത്ത് വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നില്ല.
വാഷിംഗ്ടണില്‍ ആത്മഹത്യാശ്രമം നടത്താന്‍ ഇന്ത്യാനയില്‍ നിന്ന് ഒരു വ്യക്തി സഞ്ചരിക്കുന്നുണ്ടെന്നും ആ വ്യക്തിയുടെ കാര്‍ വൈറ്റ് ഹൗസിന് ഒരു ബ്ലോക്ക് അകലെ കണ്ടെത്തിയതായും പ്രാദേശിക അധികാരികള്‍ ശനിയാഴ്ച രഹസ്യ സര്‍വീസ് വിഭാഗത്തിനു മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇയാളുടെ സമീപത്തേക്കു നീങ്ങിയ ഉദ്യോഗസ്ഥര്‍ക്കു നേരെ തോക്ക് ചൂണ്ടി വെടിയുതിര്‍ത്തെന്നാണു റിപ്പോര്‍ട്ട്. പിന്നാലെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തിരിച്ചു വെടിവച്ചു. സംഭവത്തെകുറിച്ചു കൊളംബിയ മെട്രോപൊളിറ്റന്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
2023-ല്‍, 20 വയസ്സുകാരനായിരുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരനായ സായ് വര്‍ഷിത് കണ്ഡുല വാടകയ്ക്കെടുത്ത ട്രക്കില്‍ വൈറ്റ് ഹൗസിന്റെ സംരക്ഷണ തടസ്സങ്ങള്‍ ഭേദിക്കാന്‍ ശ്രമിച്ചിരുന്നു.
ജൂലൈയില്‍ പെന്‍സില്‍വാനിയയിലെ ബട്ലറില്‍ ഒരു റാലിക്കിടെ ഒരു തോക്കുധാരി ട്രംപിനു നേരെ വധശ്രമം നടത്തിയിരുന്നു. ഇതില്‍ നിന്ന് ട്രംപ് കഷ്ടിച്ച് രക്ഷപ്പെട്ടു, അദ്ദേഹത്തിന്റെ ചെവിക്ക് പരിക്കേറ്റിരുന്നു.