യുഎസ് – ഇറാൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നു:
പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തുണ്ട്.
ഇറാനുമായുള്ള സമാധാന കരാറിന് യുഎസ് അനാവശ്യ തിടുക്കം കാണിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, കൂടുതൽ ഗൾഫ് രാജ്യങ്ങൾ ഇസ്രായേലിനെ അംഗീകരിക്കുന്ന ‘എബ്രഹാം ഉടമ്പടി’യിൽ ഒപ്പുവെക്കണമെന്ന പുതിയ നിബന്ധന മുന്നോട്ടുവെച്ചിട്ടുണ്ട്. സമാധാന നീക്കങ്ങളുടെ ഭാഗമായി തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നേക്കും
ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം 30 ദിവസത്തിനകം സാധാരണ നിലയിലാകുമെന്ന് ഇറാൻ സൂചന നൽകി.
ഇതേത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും, നിലവിലെ പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ എണ്ണ ഇറക്കുമതിച്ചെലവ് കുത്തനെ ഉയർന്നിട്ടുണ്ട്.
ചൈനയിൽ വൻ ഖനി ദുരന്തം
ചൈനയിലെ കൽക്കരി ഖനിയിലുണ്ടായ വാതക ചോർച്ചയെയും സ്ഫോടനത്തെയും തുടർന്ന് മരണസംഖ്യ 90 കടന്നു. നിരവധി തൊഴിലാളികൾ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുന്നു.
ഇന്ത്യ അമേരിക്കയുടെ വെറുമൊരു സുഹൃത്ത് മാത്രമല്ല, ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളികളിൽ ഒന്നാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയൊരു ആരാധകനാണ് താനെന്ന് ഡൊണാൾഡ് ട്രംപും കഴിഞ്ഞ ദിവസം ഒരു ഫോൺ സംഭാഷണത്തിൽ സൂചിപ്പിച്ചിരുന്നു.
ആഫ്രിക്കയിൽ എബോള ഭീതി; ഒമാനിൽ ജാഗ്രതാ നിർദ്ദേശം
ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി മാറ്റിവെച്ചു. വിമാനയാത്രക്കാർക്കും വിമാനക്കമ്പനികൾക്കും ഒമാൻ ആരോഗ്യ മന്ത്രാലയം കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ ഇതുവരെ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ശ്രീലങ്കൻ യാത്ര: ഇന്ത്യക്കാർക്ക് ആശ്വാസമായി 30 ദിവസത്തെ സൗജന്യ ഇ.ടി.എ യാത്രാ നിയമം ശ്രീലങ്ക അനുവദിച്ച് ഉത്തരവിറക്കി.
മെറ്റയിൽ പിരിച്ചുവിടൽ: പ്രമുഖ ആഗോള ടെക് കമ്പനിയായ ‘മെറ്റ’യിൽ എ ഐ സാങ്കേതികവിദ്യയുടെ കടന്നുവരവോടെ എണ്ണായിരത്തോളം ജീവനക്കാരെ പിരിച്ചു വിട്ടു.
പ്ലസ്ടു ഫലം ഇന്ന്: സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാഫലം ഇന്ന് വൈകിട്ട് 3 മണിക്ക് പ്രഖ്യാപിക്കും.
പ്ലസ് വൺ പ്രവേശനം – സീറ്റുകൾ വർദ്ധിപ്പിച്ചു: മലബാർ മേഖല ഉൾപ്പെടെയുള്ള ഒൻപത് ജില്ലകളിൽ പ്ലസ് വൺ പ്രവേശനത്തിനായി 30% സീറ്റുകളും, രണ്ട് ജില്ലകളിൽ 20% സീറ്റുകളും വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി.
ഇതോടെ ആകെ സീറ്റുകൾ 4.26 ലക്ഷത്തോളമായി ഉയരും.
ഷുഹൈബ് വധക്കേസ്: മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി. പ്രതികളെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടു.
തലസ്ഥാനത്ത് സംഘർഷം: തിരുവനന്തപുരം കേരള സർവകലാശാല തിരഞ്ഞെടുപ്പിന് പിന്നാലെ പാളയത്ത് എസ്.എഫ്.ഐ – കെ.എസ്.യു പ്രവർത്തകർ തമ്മിൽ ശക്തമായ ഏറ്റുമുട്ടലുണ്ടായി. പോലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
അട്ടപ്പാടി മധു കേസ് വിധി: അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടപ്പോൾ, മരയ്ക്കാർ ഉൾപ്പെടെയുള്ള മറ്റ് 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി കോടതി ഉയർത്തി.
ഹർഷിനയ്ക്ക് ജോലി ഉറപ്പ്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ ദുരിതമനുഭവിച്ച ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി സംസ്ഥാന സർക്കാർ. ഇതോടൊപ്പം അർഹതപ്പെട്ട നഷ്ടപരിഹാരവും നൽകും.
മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം: വി. ഡി. സതീശൻ ഇന്ന് പ്രധാനമന്ത്രിയുമായും കേന്ദ്ര ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. അധികാരം ഏറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കൂടിക്കാഴ്ചയാണിത്.
ഇന്ധനവില വർദ്ധനവ്: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയർന്നതോടെ പലയിടങ്ങളിലും പെട്രോൾ വില 115 രൂപ കടന്നു.
ഇടുക്കിയിലെ ശാന്തൻപാറ, ചേരിയാർ മേഖലകളിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം നൽകി.
സ്കൂട്ടറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി ഒരു യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ജില്ലയിൽ ലഹരി വിരുദ്ധ പരിശോധനകൾ ശക്തമായി തുടരുകയാണ്.
ജില്ലയിൽ ഈ വർഷം ഇതുവരെ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 1600-ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.






