ബംഗളൂരുവിലെ കൂട്ടബലാല്‍സംഗം; പ്രതികളെ തിരിച്ചറിഞ്ഞത് സിസിടിവി ദൃശ്യത്തിലൂടെ, രണ്ടുപേര്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയില്‍ ഇസ്രായേല്‍ യുവതിയും ഹോം സ്റ്റേ ഉടമയായ യുവതിയും കൂട്ടബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ രണ്ടുപ്രതികള്‍ അറസ്റ്റിലായി. ഗംഗാവതി സ്വദേശികളായ ചേതന്‍ സായ്, സായ് മല്ലു എന്നിവരാണ് പിടിയിലായത്. മൂന്നാമത്തെ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്. പ്രതികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ഇത്തരം ഞെട്ടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. ഹംപിക്കു സമീപം കൊപ്പല്‍ ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രത്തിലാണ് വ്യാഴാഴ്ച്ച രാത്രി കര്‍ണാടകയെ നടുക്കിയ സംഭവം ഉണ്ടായത്. 27 കാരിയായ ഇസ്രായേല്‍ വിനോദസഞ്ചാരിയും 29 കാരിയായ ഹോംസ്റ്റേ ഉടമയുമാണ് കൂട്ടബലാത്സംഗത്തിനിരയായത്. യുവതികളുടെ ഒപ്പമുണ്ടായിരുന്ന വിനോദ സഞ്ചാരികളായ മൂന്ന് പുരുഷന്‍മാരെ കനാലിലേക്ക് തള്ളിയിട്ട ശേഷമായിരുന്നു കൂട്ടബലാത്സംഗം. ഇതില്‍ ഒഡീഷ സ്വദേശിയായ യുവാവ് വെള്ളത്തില്‍ മുങ്ങിമരിച്ചു. ബലാത്സംഗത്തിന് ഇരയായതിനെ തുടര്‍ന്ന്് അവശനിലയിലായ യുവതികള്‍ സുഖം പ്രാപിച്ചുവരുന്നതായി പൊലീസ് അയിച്ചു.
യുഎസ് സ്വദേശിയായ ഡാനിയേല്‍ എന്ന യുവാവ്, മഹാരാഷ്ട്ര സ്വദേശിയായ പങ്കജ്, ഒഡീഷ സ്വദേശിയായ ബിബാഷ് എന്നിവരാണ് യുവതികള്‍ക്ക് ഒപ്പം ഉണ്ടായിരുന്നത്. ഇതില്‍ ബിബാഷാണ് മുങ്ങിമരിച്ചത്. ഡാനിയേലും പങ്കജും നീന്തി രക്ഷപ്പെട്ടു. തിരച്ചിലിനൊടുവിലാണ് ബിബാഷിന്റെ മൃതദേഹം പുലര്‍ച്ചയോടെ കനാലില്‍ നിന്ന് കണ്ടെടുത്തത്. സംഭവത്തില്‍ ഹോം സ്റ്റേ ഉടമയായ യുവതി പരാതി നല്‍കിയിരുന്നു. രാത്രി ഭക്ഷണം കഴിച്ചശേഷം ഹോം സ്റ്റേയില്‍ എത്തിയ നാല് വിനോദ സഞ്ചാരികളും ഉടമയും കനാലിന്റെ തീരത്ത് നക്ഷത്ര നിരീക്ഷണത്തിന് പോയിരുന്നു. പ്രതികള്‍ ബൈക്കില്‍ എത്തി ആദ്യം പെട്രോള്‍ എവിടെ കിട്ടുമെന്നാണ് ചോദിച്ചാണ് ഇവരുടെ അടുത്തുവന്നത്. പിന്നെ 100 രൂപ ആവശ്യപ്പെട്ടു. പണം കൊടുക്കാതെ വന്നതോടെ തങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്ന പുരുഷന്‍മാരെ ആക്രമിച്ച് കനാലില്‍ തള്ളിയിട്ടുവെന്നും തുടര്‍ന്ന് തങ്ങളെ പീഡിപ്പിക്കുകയായിരുന്നുവെന്നും ഹോംസ്‌റ്റേ ഉടമയായ സ്തീയുടെ പരാതിയില്‍ പറഞ്ഞു.
പിടിയിലായ പ്രതികളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് മൂന്നാമന് വേണ്ടി തെരച്ചില്‍ നടത്തുന്നത്. രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്തതായും കൂടെയുള്ളവരെ ആക്രമിച്ചതായും പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവം നടന്ന സനാപൂര്‍ തടാകത്തിന് സമീപത്തുള്ള ദുര്‍ഗമ്മ ക്ഷേത്രത്തിന് മുന്നിലെ സിസിടിവികളില്‍ നിന്നാണ് പൊലീസിന് നിര്‍ണായക തെളിവുകള്‍ കിട്ടിയത്. മൂന്ന് ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന ഇരകളുടെ മൊഴികളും നിര്‍ണായകമായി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇവരെ കോടതി 3 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page