‘റോഡിൽ കടുവ മുഖാമുഖം’; കരുവാരക്കുണ്ടിൽ പ്രചരിപ്പിച്ച കടുവയുടെ വീഡിയോ വ്യാജം; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: കരുവാരക്കുണ്ടിൽ കണ്ടെത്തിയതെന്ന തരത്തിൽ പ്രചരിച്ച കടുവയുടെ വീഡിയോ വ്യാജമാണെന്ന് വനംവകുപ്പ്. പഴയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ജെറിൻ എന്ന യുവാവിനെതിരെ കരുവാരക്കുണ്ട് പൊലീസിൽ വനംവകുപ്പ് പരാതി നൽകി. ബുധനാഴ്ച രാത്രി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളിൽ ഭീതിയുണ്ടാക്കാൻ ശ്രമിച്ചെന്നാണ് വനംവകുപ്പിന്റെ പരാതി. ബുധനാഴ്ച രാവിലെ പ്രചരിച്ച വീഡിയോയിൽ കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപം ഒരു യുവാവ് കടുവയുടെ മുന്നിൽ പെട്ടുവെന്നായിരുന്നു പ്രചാരണം. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആർത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബർത്തോട്ടത്തിൽ വഴിയോടു ചേർന്നാണ് കടുവയെ കണ്ടതെന്നും ജെറിൻ അവകാശപ്പെട്ടിരുന്നു. സുഹൃത്തിന്‍റെ കൂടെ ജീപ്പിൽ മലയിലേക്കു പോകുമ്പോഴായിരുന്നു സംഭവമെന്നും വന്യമൃഗ ശല്യമുള്ളതിനാൽ ജീപ്പിന്‍റെ ചില്ലുകളെല്ലാം കവർ ചെയ്തായിരുന്നു യാത്രയെന്നും യുവാവ് പറഞ്ഞിരുന്നു. കടുവ ആക്രമിക്കുന്നില്ലെന്ന് കണ്ടതോടെ വാഹനം നിർത്തി ജീപ്പിന്‍റെ ഗ്ലാസ് തുറന്ന് ഇവർ കടുവയുടെ ദൃശ്യം പകർത്തുകയായിരുന്നുവെന്നുമാണ് ജെറിൻ പറഞ്ഞത്. കടുവയെ കണ്ട സ്ഥലത്ത് ആളുകളൊന്നും താമസിക്കുന്നില്ല. കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണിൽ സൂം ചെയ്താണ് വീഡിയോ പകർത്തിയതെന്നും ജെറിൻ അവകാശപ്പെട്ടിരുന്നു. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് അന്വേഷണം നടത്തി. എന്നാൽ, സ്ഥലത്ത് കടുവയിറങ്ങിയതിനുള്ള തെളിവുകൾ ഒന്നും കണ്ടെത്താനായില്ല. സംശയം തോന്നിയ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിൽ, മൂന്നുവര്‍ഷം മുമ്പ് യൂട്യൂബിൽ വന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് കണ്ടെത്തി. നിലമ്പൂർ സൗത്ത് ഡി.എഫ് ധനിക് ലാലിന്‍റെ നേതൃത്വത്തിൽ ജെറിനെ ചോദ്യം ചെയ്തു. പഴയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത ശേഷം തെറ്റിദ്ധരിപ്പിച്ചതാണെന്ന് ജെറിൻ സമ്മതിച്ചു. നാട്ടുകാരെ ആശങ്കപ്പെടുത്തിയതിനും ഭീതിയിലാക്കിയതിലും ജെറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജെറിൻ ആദ്യം കുറ്റം നിഷേധിച്ചുവെങ്കിലും, ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ നുണ സമ്മതിക്കുകയായിരുന്നു. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളും പ്രദേശത്ത് നടത്തിയ പരിശോധനയും കടുവയുടെ സാന്നിധ്യത്തെ കുറിച്ച് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page