കാസര്‍കോട്: മംഗ്ളൂരുവിലേയ്ക്കു പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഇടിച്ച് 26 കാരനു ദാരുണാന്ത്യം. ഇന്നു (വെള്ളി) പുലര്‍ച്ചെ കാസര്‍കോട്, പള്ളം റെയില്‍വെ ട്രാക്കിലാണ് സംഭവം. ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്ന് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തു നിന്നു ലഭിച്ച പേഴ്സില്‍ നിന്നു ആധാര്‍ കാര്‍ഡു ലഭിച്ചു. ടി ജിതിന്(26), തെച്ചിക്കാട്ടില്, കുറുവട്ടൂര്, വല്ലപ്പുഴ, പാലക്കാട് എന്ന വിലാസമാണ് ആധാര്‍ കാര്‍ഡിലുള്ളത്. മൃതദേഹത്തിനു സമീപത്തു നിന്നു ഒരു മൊബൈല്‍ ഫോണും കണ്ടെത്തി. ഇതില്‍ നിന്നു മരണപ്പെട്ട യുവാവിന്റേതെന്നു കരുതുന്ന നിരവധി ഫോട്ടോകളും ലഭിച്ചു. ഇവ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. വിവരം പാലക്കാട്ടെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി.







