ഒരുവര്‍ഷത്തോളം പ്രണയം; വിവാഹ അഭ്യര്‍ഥന നടത്തിയപ്പോള്‍ നിരസിച്ചു; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. കര്‍ണാടക ബെലഗാവിയിലാണ് സംഭവം. നാഥ് പൈ സര്‍ക്കിളില്‍ താമസിക്കുന്ന ഐശ്വര്യ മഹേഷ് ലോഹര്‍ (20) ആണ് കൊല്ലപ്പെട്ടത്. ബെലഗാവി യെല്ലൂര്‍ സ്വദേശിയായ പ്രശാന്ത് കുണ്ടേഗര്‍ (29) ആണ് കൊലയാളി. യുവതിയെ കൊലപ്പെടുത്തിയശേഷം സമീപത്തു തന്നെ ഇയാള്‍ സ്വയം കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നു. ഒരു വര്‍ഷത്തോളമായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. എന്നാല്‍, വിവാഹാഭ്യര്‍ഥനയുമായി പ്രശാന്ത്, ഐശ്വര്യയുടെ മാതാവിനെ സമീപിച്ചപ്പോള്‍ അവര്‍ നിരസിക്കുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായ പ്രശാന്തിന് സാമ്പത്തിക ഭദ്രതയില്ലെന്ന കാരണത്താലാണ് വിവാഹാഭ്യര്‍ഥന നിരസിച്ചതെന്നാണ് റിപ്പോര്‍ട്ട്. യുവതിയെ ബന്ധുവീട്ടിലേക്ക് വീട്ടുകാര്‍ പിന്നീട് മാറ്റി. ഐശ്വര്യയെ കാണാനായി പ്രശാന്ത് അവിടെ എത്തുകയും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ വീട്ടുകാരുടെ താല്‍പര്യത്തിന് വഴങ്ങി വിവാഹത്തിന് താല്‍പര്യമില്ലെന്ന് തറപ്പിച്ചു പറഞ്ഞു. ആവശ്യം നിരസിച്ചതോടെ പ്രശാന്തിന്റെ കൈവശം കരുതിയിരുന്ന വിഷം ബലമായി ഐശ്വര്യയെ കഴിപ്പിക്കാന്‍ ശ്രമിച്ചു. ഇത് നടക്കാതെ വന്നതോടെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഐശ്വര്യയുടെ കഴുത്തറുക്കുകയായിരുന്നു. ഐശ്വര്യയുടെ മരണം ഉറപ്പാക്കിയതിന് പിന്നാലെ ഇതേ കത്തി ഉപയോഗിച്ച് പ്രശാന്ത് സ്വന്തം കഴുത്തും മുറിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ യാദ മാര്‍ട്ടിന്‍ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് പൊലീസ് നടപടികള്‍ സ്വീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page