മദ്യലഹരിയില്‍ ട്രെയിനിന് മുന്നില്‍ ചാടാന്‍ നിന്ന യുവാവിനെ അനുനയിപ്പിച്ച് വീട്ടിലെത്തിച്ചു; ആത്മഹത്യയില്‍ നിന്ന് രക്ഷിച്ച ആളെ കുത്തിക്കൊലപ്പെടുത്തി 20 കാരന്‍

കൊല്ലം: ആത്മഹത്യയില്‍നിന്ന് രക്ഷിച്ചയാളെ ഇരുപതുകാരന്‍ കുത്തിക്കൊലപ്പെടുത്തി. കൊല്ലം ജില്ലയിലാണ് സംഭവം. കിടപ്രം വടക്ക് പുതുവയലില്‍ വീട്ടില്‍ (ഈരക്കുറ്റിയില്‍) ചെമ്മീന്‍ കര്‍ഷകത്തൊഴിലാളി സുരേഷ് (42) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനുശേഷം ഒളിവില്‍പ്പോയ മരംകയറ്റത്തൊഴിലാളി കിടപ്രം വടക്ക് ലക്ഷംവീട് കാട്ടുവരമ്പില്‍ അമ്പാടി(20)യെ കല്ലട പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. വെള്ളിയാഴ്ച രാത്രി 7.30-ഓടെ അമ്പാടിയുടെ വീടിന് സമീപത്തുവെച്ചാണ് സുരേഷിന് വെട്ടേറ്റത്. വെള്ളിയാഴ്ച വൈകീട്ട് പടിഞ്ഞാറേ കല്ലട കല്ലുംമൂട്ടില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ പ്രശ്‌നങ്ങളുണ്ടാക്കിയ അമ്പാടിയെ നാട്ടുകാര്‍ ഓടിച്ചുവിട്ടിരുന്നു. തുടര്‍ന്ന് മദ്യലഹരിയില്‍ സമീപത്തെ റെയില്‍പാളത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. അമ്പാടിയെ അനുനയിപ്പിച്ച് നാട്ടുകാര്‍ താഴെയിറക്കി. കൂട്ടത്തിലുണ്ടായിരുന്ന സുരേഷ്, അമ്പാടിയെ വീട്ടിലെത്തിച്ചശേഷം മടങ്ങി. വീട്ടിനുള്ളിലേക്ക് കയറിപ്പോയ അമ്പാടി പിന്നീട് കൊടുവാളുമായി തിരിച്ചുവന്ന് നടന്നുപോവുകയായിരുന്ന സുരേഷിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. ബഹളം കേട്ടെത്തിയ പഞ്ചായത്ത് അംഗവും നാട്ടുകാരും ചേര്‍ന്ന് സുരേഷിനെ ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശാസ്താംകോട്ട ഡിവൈ.എസ്.പി, കിഴക്കേ കല്ലട എസ്.എച്ച്.ഒ. എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് എത്തി മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഒളിവില്‍ പോയ അമ്പാടിയെ രാത്രി പതിനൊന്നരയോടെ പിടികൂടി. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അമ്പാടിയെന്ന് പൊലീസ് അറിയിച്ചു. പരേതനായ സുധാകരന്റെയും മണിയമ്മയുടെയും മകനാണ് സുരേഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page