കാസര്‍കോട്: ആറു ദിവസമായി ചിലമ്പുകളുടേയും, ചെണ്ടമേളങ്ങളുടേയും അസുരതാളങ്ങളില്‍ ഉറഞ്ഞാടിയ തെയ്യങ്ങള്‍ ഭക്തജനങ്ങള്‍ക്ക് അനുഗ്രഹവും ചൊരിഞ്ഞ് സന്തോഷത്തോടെ അരങ്ങൊഴിഞ്ഞു. ഗുണം വരണം, ഗുണം വരണം, എല്ലാവര്‍ക്കും ഗുണം വരണമെന്ന് തെയ്യങ്ങള്‍ എല്ലാവരെയും അനുഗ്രഹിച്ചു.
വ്യാഴാഴ്ച വൈകിട്ടു വിഷ്ണുമൂര്‍ത്തി തെയ്യം പുലിക്കുന്ന് ദൈവ സന്നിധിയിലേക്ക് ശ്രീപാദം കുളിര്‍പ്പിച്ചു.
7 ന് പുല്ലൂര്‍ണ്ണന്‍ തെയ്യം(പൂമുടി) ആനവാതുക്കലുള്ള ദൈവ സന്നിധിയിലേക്ക് ശ്രീപാദം കുളിര്‍പ്പിക്കാന്‍ പുറപ്പെട്ടു. തിരിച്ചെത്തിയ വിഷ്ണുമൂര്‍ത്തിയും, പൂമുടിയും മുഖാമുഖം ഐതിഹ്യം ചൊല്ലി കേള്‍പ്പിച്ചു. ഭക്തര്‍ക്ക് അനുഗ്രഹവും മഞ്ഞള്‍ പ്രസാദവും നല്‍കി. രാത്രി 18 പെണ്‍കുട്ടികളുടെ പന്തല്‍ കല്യാണം നടന്നു. ഭദ്രമായ കൈകളില്‍ ഇവരെ ഏല്‍പ്പിക്കുംവരെ ഇവര്‍ അമ്മയുടെ സംരക്ഷണത്തിലാണെന്ന സങ്കല്‍പ്പത്തില്‍ കാരണവര്‍ താലി ചാര്‍ത്തി. കൂട്ട് അടയാളവും നടന്നു. പുല്ലൂര്‍ണ്ണര്‍ തെയ്യത്തിന്റെ തിരുമുടി ഭക്തിസാന്തരമായി കാരണവര്‍ കാലിമാടത്തില്‍ സമര്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ 5 മണിക്ക് ഭണ്ഡാര ക്ഷേത്രത്തില്‍ ഭണ്ഡാരം തിരിച്ച് ഏല്‍പ്പിച്ചതോടെ ഈ വര്‍ഷത്തെ കളിയാട്ടം സമാപിച്ചു.
