സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കിയ പ്രതിയെ പിടികൂടാന്‍ പോയ പൊലീസുകാരന്റെ കൈ തിരിച്ചൊടിച്ചു; കളനാട്ടെ കെ.കെ സമീര്‍ അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് കഞ്ചാവ് നല്‍കിയെന്ന കേസിലെ പ്രതിയെ പിടികൂടാന്‍ പോയ പൊലീസിനെ ആക്രമിച്ച് കൈതിരിച്ചൊടിച്ചതായി പരാതി. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും അക്രമിച്ചതിനും കേസെടുത്ത മേല്‍പ്പറമ്പ് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കളനാട്, സമീര്‍ മന്‍സിലിലെ കെ.കെ സമീറി(34)നെയാണ് മേല്‍പ്പറമ്പ് എസ്‌ഐ കെ. വേലായുധനും സംഘവും അറസ്റ്റു ചെയ്തത്. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ നീര്‍ച്ചാല്‍, കുണ്ടിക്കാനയിലെ സിഎച്ച് ഭക്തഷൈവലിന്റെ പരാതി പ്രകാരമാണ് കേസ്. വ്യാഴാഴ്ച വൈകുന്നേരമാണ് കേസിനാന്‌സപദമായ സംഭവം. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 15, 16 വയസ്സുള്ള നാലു കുട്ടികളെ 12.06 ഗ്രാം കഞ്ചാവുമായി വ്യാഴാഴ്ച പൊലീസ് പിടികൂടിയിരുന്നു. കഞ്ചാവ് നല്‍കിയത് സമീറാണെന്നു വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമീറിനെതിരെ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്യാനായി കളനാട്ട് എത്തിയപ്പോള്‍ ആക്രമിച്ചുവെന്നാണ് കേസ്.
സെന്റ് ഓഫ് പരിപാടിക്കിടയില്‍ ഉപയോഗിക്കാനാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ നാലു പേരും കഞ്ചാവു കൈവശം വച്ചതെന്നു പൊലീസ് പറഞ്ഞു. സ്‌കൂള്‍ സെന്റ് ഓഫ് പരിപാടിക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നു ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ടൗണ്‍ എസ്.ഐ എം.പി പ്രദീഷ് കുമാറും സംഘവും സ്‌കൂള്‍ പരിസരത്തെത്തി വിദ്യാര്‍ത്ഥികളെ കഞ്ചാവുമായി പിടികൂടിയത്. ഇവരെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page