കുമ്പള: ടൗണില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും മല്‍സ്യത്തൊഴിലാളിയായ ഒഡീഷ സ്വദേശിയെ അക്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കോയിപ്പാടി സ്വദേശി ആസിഫാണ് അറസ്റ്റിലായത്. ഒഡീഷ ഭുശാന്തപുര്‍ സ്വദേശി സന്തോഷ് ബെഹ്‌റ(44)യെയാണ് ആസിഫ് ആക്രമിച്ചത്. വെളളിയാഴ്ച പുലര്‍ച്ചെയാണ് സംഭവങ്ങളുടെ തുടക്കം. പുലര്‍ച്ചെ ഒരുമണിയോടെ സന്തോഷിന്റെ കോയിപ്പാടിയിലെ താമസ സ്ഥലത്തെത്തിയ ആസിഫ് മുറിയില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയായിരുന്നു. വാക്കേറ്റത്തിനിടെ സന്തോഷിന്റെ തലയ്ക്ക് അടിക്കുകയും കഴുത്തിന് പിടിച്ച് തല ചുമരിലെ കണ്ണാടിയില്‍ ഇടിച്ച് പരിക്കേല്‍പ്പിക്കുകയുംചെയ്തു. ഇടിയില്‍ കണ്ണാടിയുടെ ചില്ലുകള്‍ തകര്‍ന്നു. പൊട്ടിയ കണ്ണാടി ചില്ലിലേക്ക് വീണ്ടും തലയിടിക്കാന്‍ ശ്രമിക്കുന്നതിനിടെ സന്തോഷ് കുതറിമാറി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടില്ലെങ്കില്‍ ചില്ലുകള്‍ തലയുടെ മര്‍മ്മസ്ഥാനത്ത് കൊണ്ട് മരണംവരെ സംഭവിച്ചേനെയെന്ന് സന്തോഷ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സന്തോഷിനോട് മുറിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആസിഫ് ആവശ്യപ്പെട്ടപ്പോള്‍ അനുസരിക്കാത്തതും തീപ്പട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിലുള്ള വിരോധത്തിലുമാണ് അക്രമം തുടങ്ങിയതെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് ആസിഫിനെ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആസിഫ് അതിന് തയ്യാറായില്ല. അതിനിടെയാണ് കുമ്പള ജംങ്ഷനില്‍ ഒരാള്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. ആസിഫിന്റെ നേതൃത്വത്തിലാണ് സംഘര്‍ഷം നടന്നത്. ചിലര്‍ പൊലീസിതിരെ തിരിയുകയും ചെയ്തു. സംഘര്‍ഷം നിയന്ത്രിക്കാന്‍ എആര്‍ ക്യാപില്‍ നിന്ന് ഒരു ബസ് സേന എത്തേണ്ടിവന്നു. ഒടുവില്‍ സിഐ ആര്‍പി അനൂപ് കൃഷ്ണയും എസ്എച്ച്ഒ എസ് അനൂപും എസ്‌ഐ വിശാഖും ചേര്‍ന്ന് ആസിഫിനെ കീഴടക്കി കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റുരേഖപ്പെടുത്തി. നരഹത്യാ ശ്രമം, ബോധപൂര്‍വം പരിക്കേല്‍പ്പിക്കല്‍, അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പൊലീസ് ആസിഫിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.







