പാണത്തൂരിലെ ജില്‍ഷ ജിനിലിന് വീണ്ടും മെഡല്‍ തിളക്കം; 200 മീറ്ററില്‍ വെങ്കലം

കാസര്‍കോട്: ട്രാക്കില്‍ വേഗത്തിന്റെ വിസ്മയം തീര്‍ത്ത് ജില്ലയുടെ അഭിമാനമായി മാറിയ ജില്‍ഷ ജിനിലിന് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇരട്ട മെഡല്‍ നേട്ടം. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ 11.29 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയ ജില്‍ഷ, 200 മീറ്റര്‍ ഓട്ടത്തിലും മൂന്നാം സ്ഥാനം നേടി 26.06 സെക്കന്‍ഡില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി. തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ജില്‍ഷ, പാണത്തൂര്‍ വട്ടക്കയത്തെ ജിനില്‍ മാത്യു ജോമി വി.ജെ. ദമ്പതികളുടെ മകളാണ്. 2023 മുതല്‍ ദേശീയ, സൗത്ത് സോണ്‍, സംസ്ഥാന അത്ലറ്റിക് മീറ്റുകളിലായി നിരവധി സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകളും മീറ്റ് റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുള്ള ജില്‍ഷ, ഭുവനേശ്വറില്‍ നടന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക്‌സില്‍ സ്വര്‍ണം നേടിയിരുന്നു.
നാടിന്റെ അഭിമാനമായി മാറിയ താരത്തിന്റെ നേട്ടം ആഘോഷമാക്കാന്‍ പാണത്തൂര്‍ പൗരാവലിയുടെയും യുവശക്തി കോട്ടോടിയുടെയും നേതൃത്വത്തില്‍ സ്വീകരണവും ആദരിക്കല്‍ ചടങ്ങുകളും സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 10 മണിക്ക് കോളിച്ചാലില്‍ നിന്ന് പാണത്തൂരിലേക്ക് പാണത്തൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണയാത്ര നടക്കും. വൈകിട്ട് 5 മണിക്ക് കോട്ടോടി സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ യുവശക്തി കോട്ടോടിയുടെ നേതൃത്വത്തിലും ജില്‍ഷയ്ക്ക് സ്വീകരണവും ആദരവും നല്‍കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page