സ്ത്രീശക്തി പുരസ്കാര നിറവിൽ സതി കൊടക്കാട്

കാസർകോട്: എഴുത്തുകാരി സതി കൊടക്കാടിന് സംസ്ഥാന വനിതാ കമ്മീഷൻ സ്ത്രീശക്തി പുരസ്കാരം. മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് വച്ച് മന്ത്രി വീണാ ജോർജ് പുരസ്കാരം സമ്മാനിക്കും.
സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ് 2 രോഗം ബാധിച്ച, കാസർകോട് കൊടക്കാട് പൊള്ളപ്പൊയിൽ സ്വദേശി എം.വി.സതി (സതി കൊടക്കാട്) പേന മുറുകെ പിടിക്കാൻ പോലുമാവാത്ത അവസ്ഥയിലിരുന്ന് എഴുതിക്കൂട്ടിയത് രണ്ടു പുസ്തകങ്ങളാണ്. ‘ഗുളിക വരച്ച ചിത്രങ്ങൾ’ എന്ന കഥാസമാഹാരവും ‘കാൽവരയിലെ മാലാഖ’ എന്ന കവിതാസമാഹാരവും. ജന്മനാ രോഗം തളർത്തിയ സതിക്ക് നടക്കാനോ കൈകൾ ശരിയായി ഉപയോഗിക്കാനോ ആവില്ല. നാലാം ക്ലാസിനു ശേഷം സ്കൂൾ പഠനം അവസാനിച്ചു. അതോടെയാണ്, സാമൂഹിക പ്രവർത്തകനും അധ്യാപകനുമായിരുന്ന അച്ഛൻ സിവിക് കൊടക്കാട് മകളെ പുസ്തകങ്ങളോട് അടുപ്പിക്കുന്നത്. അദ്ദേഹം സ്ഥാപക സെക്രട്ടറിയായ ബാലകൈരളി വായനശാലയിൽനിന്ന് സതിക്ക് പതിവായി പുസ്തകങ്ങൾ എടുത്തു നൽകി. പിന്നീട് വായനയുടെ പൂക്കാലമായിരുന്നു. മുറിയുടെ നാലു ചുവരിനുള്ളിൽ ഒതുങ്ങേണ്ടി വന്ന സതിയുടെ ഭാവനാലോകം അങ്ങനെ ഏഴു കടൽ കടന്നു. അച്ഛനെ പോലും അദ്ഭുതപ്പെടുത്തി സതി വായനശാലയിലെ മൂവായിരത്തോളം പുസ്തകങ്ങൾ വായിച്ചുതീർത്ത് അവക്കെല്ലാം ആസ്വാദനക്കുറിപ്പ് തയാറാക്കുകയും ചെയ്തു. എഴുത്തിനോടുള്ള സതിയുടെ ആവേശം കണ്ടറിഞ്ഞ അച്ഛൻ കഥകളെഴുതാൻ അവളെ പ്രോത്സാഹിപ്പിച്ചു. ഇതോടെയാണ് കഥയെഴുത്തിലേക്കു ചുവടുമാറിയത്. 208ൽ പരിഷ്കരിച്ച മലയാളം, കന്നഡ മൂന്നാം ക്ലാസിലെ പാഠപുസ്തകത്തിൽ ‘വായിച്ചു വായിച്ചു വേദന മറന്നു’ എന്ന സതിയുടെ അനുഭവക്കുറിപ്പ് കുട്ടികൾക്ക് പഠിക്കാൻ ഉൾപ്പെടുത്തി. കരിവെള്ളൂർ ആദി മുച്ചിലോട്ടുകാവിലെ പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘തിരുമംഗല്യം എന്ന സിഡിയിൽ ഇവർ എഴുതിയ ഗാനം ഉൾപ്പെടുത്തിയിരുന്നു. ഇത് പെരുങ്കളിയാട്ട വേദിയിൽ ഗായിക കെ.എസ്. ചിത്ര ആലപിച്ചത് നിറകണ്ണുകളോടെ സതി കണ്ടിരുന്നു. വയലോരം, കുഞ്ഞോളം എന്നീ വിഡിയോ ആൽബങ്ങൾക്കായും പാട്ടുകൾ രചിച്ചു. കേന്ദ്രസർക്കാരിന്റെ ദേശീയ സർഗ്ഗ പ്രതിഭാ പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു. 2021ൽ സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ പുരസ്കാരവും ലഭിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് എ ആശാലതയുടെ മരണം; കുറ്റക്കാര്‍ക്കെതിരെ കർശന നടപടി, അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.എമ്മിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
Scroll to top

You cannot copy content of this page