വിവാഹ ചടങ്ങിനിടെ ഉപയോഗിച്ച പാട്ട് ഇഷ്ടപ്പെട്ടില്ല, വധുവിന്റെ ബന്ധു വരന്റെ സഹോദരനെ വെടിവച്ചുകൊന്നു; വിവാഹവും മുടങ്ങി

ബറേലി: വിവാഹ ചടങ്ങിനിടെ ഉപയോഗിച്ച പാട്ട് ഇഷ്ടമായില്ല. വധുവിന്റെ ബന്ധു വരന്റെ സഹോദരനെ വെടിവച്ചുകൊന്നു. വ്യാഴാഴ്ച രാത്രി ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ വിവാഹ വീട്ടിലാണ് സംഭവമുണ്ടായത്. വിവാഹത്തിന്റെ ഭാഗമായ വരമാല ചടങ്ങില്‍ വധുവരന്മാര്‍ പൂമാലകള്‍ കൈമാറുന്നതിനിടയില്‍ വച്ച പാട്ട് തെറ്റിപ്പോയപ്പോഴാണ് ബഹളവും വെടിവയ്പും നടന്നത്.
വിവാഹത്തിനെത്തിയ അതിഥികള്‍ നോക്കി നില്‍ക്കെയായിരുന്നു വെടിവയ്പ് നടന്നത്. സിതാപുര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട യുവാവ്. വരനും വധുവും ഒരേ സ്ഥലത്ത് തന്നെയുള്ളവരാണെങ്കിലും ബന്ധുക്കളില്‍ ഏറിയ പങ്കും ലംഖിപൂര്‍ ഖേരിയില്‍ താമസിക്കുന്നതിനാലാണ് ഇവര്‍ വിവാഹ ചടങ്ങുകള്‍ സീതാപൂരില്‍ നിന്ന് ലംഖിപൂര്‍ ഖേരിയിലേക്ക് മാറ്റിയത്. വരന്റെ സഹോദരനായ ആശിഷ് വര്‍മയും വധുവിന്റെ ബന്ധുവായ സുമിത് കുമാറും തമ്മിലാണ് ഡിജെ സംഘം ഉപയോഗിച്ച പാട്ടിന്റെ പേരില്‍ വാക്കു തര്‍ക്കം നടന്നത്. മദ്യലഹരിയിലായിരുന്നു വധുവിന്റെ ബന്ധുക്കള്‍. തര്‍ക്കം കൈവിട്ടു പോവുന്നുവെന്ന് വ്യക്തമായതിന് പിന്നാലെ ബന്ധുക്കള്‍ ഇടപെട്ട് വിഷയം പറഞ്ഞു തീര്‍ത്തിരുന്നു. ഇതിന് പിന്നാലെ ചടങ്ങുകള്‍ വീണ്ടും നടക്കുന്നതിനിടെയാണ് വെടിവയ്പുണ്ടാവുന്നത്. ഗുരുതരമായി പരിക്കേറ്റ ആശിഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ വിവാഹം ഉപേക്ഷിച്ചതായും ബന്ധുക്കള്‍ വിശദമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page