ആയംപാറയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പുലിയിറങ്ങി; ബാര, താമരക്കുഴിയിലും പുലിയെ കണ്ടു, നാടാകെ ഭീതിയില്‍

കാസര്‍കോട്: പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ആയംപാറയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പുലിയിറങ്ങി. വ്യാഴാഴ്ച വളര്‍ത്തു നായയെ കടിച്ചു കൊന്ന നിലയില്‍ കാണപ്പെട്ട ആയംപാറ, മാരിങ്കാവിലാണ് വെള്ളിയാഴ്ച രാത്രിയിലും പുലിയെ കണ്ടത്. പാറപ്പുറത്തുള്ള കുഴിയില്‍ നിന്നു വെള്ളം കുടിക്കുന്ന പുലിയെ പരിസരവാസിയായ കണ്ണന്‍ എന്ന ആളാണ് കണ്ടത്. പാറപ്പുറത്തേക്ക് നോക്കി പട്ടി നിര്‍ത്താതെ കുരയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ടോര്‍ച്ചടിച്ചു നോക്കുകയായിരുന്നു. ബഹളം വച്ചതോടെ പുലി ഓടിപ്പോയി. വിവരമറിഞ്ഞ് നാട്ടുകാരും വനപാലകരും സ്ഥലത്തെത്തി. ജീപ്പില്‍ യാത്ര ചെയ്യുകയായിരുന്ന ഷാജി എന്നയാളും പുലിയെ കണ്ടതായി പറയുന്നുണ്ട്. ജീപ്പിനു കുറുകെ മൂന്നു തവണയാണ് പുലി ഓടിയതെന്നു ഷാജി പറയുന്നു. ഇക്കാര്യം ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി പുലിയുടെ ആക്രമണത്തില്‍ ബിന്ദു എന്ന സ്ത്രീയുടെ വീട്ടിലെ വളര്‍ത്തു നായ ചത്തിരുന്നു. പ്രസ്തുത വീട്ടിലേക്ക് പോവുകയായിരുന്നു ഷാജി.
ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാര, താമരക്കുഴിയിലും വെള്ളിയാഴ്ച രാത്രി പുലിയെ കണ്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആയംപാറയിലും താമരക്കുഴിയിലും ഒരേ സമയത്താണ് വലിയ പുലികളെ കണ്ടതെന്നു അധികൃതര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page