കാസര്‍കോട്: ഗോവയില്‍ കരാര്‍ ജോലിയെടുക്കുന്ന ബദിയഡുക്ക സ്വദേശിയെ ഭാര്യാവീട്ടിനു സമീപത്തെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളത്തടുക്ക, ചൊട്ടത്തടുക്കയിലെ ചന്ദ്രന്‍ (45)ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാവിലെ ചട്ടഞ്ചാല്‍, മണ്ഡലിപ്പാറയിലുള്ള ഭാര്യാവീട്ടിനു സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് മേല്‍പ്പറമ്പ് എസ്‌ഐ വി.കെ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്ത ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
25 വര്‍ഷം മുമ്പാണ് ചന്ദ്രനും മണ്ഡലിപ്പാറയിലെ പ്രസന്നയും തമ്മിലുള്ള വിവാഹം നടന്നത്. അഞ്ചുവര്‍ഷം ബദിയഡുക്ക പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസിന്റെ അംഗമായിരുന്നു പ്രസന്ന. അഞ്ചു വര്‍ഷമായി മണ്ഡലിപ്പാറയിലെ സ്വന്തം വീട്ടിലാണ് പ്രസന്ന താമസം. മക്കള്‍: ശിവജിത്ത്, ശിവപ്രിയ, ശിവശ്രേയ. സഹോദരങ്ങള്‍: കൃഷ്ണന്‍, കുമാരന്‍, മീന.
