കാസർകോട്: മുതിർന്ന പത്രപ്രവർത്തകനും, മുസ്ലിം ലീഗ് നേതാവുമായ വൾവക്കാട് സ്വദേശി വി.ടി ഷാഹുൽ ഹമീദ് (74) അന്തരിച്ചു. 1970 മുതൽ ചന്ദ്രികയിലൂടെയാണ് അദ്ദേഹം പത്രപ്രവർത്തനം തുടങ്ങിയത്. നീണ്ട 54 വർഷവും ചന്ദ്രിക പത്രത്തിന്റെ പ്രതിനിധിയായി തൃക്കരിപ്പൂർ, പയ്യന്നൂർ റിപ്പോര്‍ട്ടറായും ചന്ദ്രികയുടെ കണ്ണൂർ ബ്യൂറോയിലും പ്രവർത്തിച്ചിട്ടുണ്ട്. അന്തരിച്ച മുസ്ലിം ലീഗ് നേതാവ് ഇ.അഹമ്മദിന്റെ ഇഷ്ട തോഴനായിരുന്നു.പത്രപ്രവർത്തനത്തോടൊപ്പം രാഷ്ട്രീയ പ്രവർത്തനത്തിലും മുൻ നിരയിൽ ഉണ്ടായ വി.ടി ശാഹുൽ ഹമീദ്, മുസ്ലിം ലീഗിന്റെ ജില്ലാ കൗൺസിൽ അംഗമാണ്. തൃക്കരിപ്പൂർ, പയ്യന്നൂർ പഞ്ചായത്തുകളിൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയായും എസ്ടിയുവിന്റെ അവിഭക്ത കണ്ണൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ തുടർച്ചയായി പത്ത് വർഷം പ്രവർത്തിച്ചിരുന്നു. അതിൽ അഞ്ച് വർഷം അദ്ദേഹം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു. തൃക്കരിപ്പൂർ പ്രസ്സ് ഫോറം പ്രസിഡണ്ട്, പയ്യന്നൂർ പ്രസ്സ് ഫോറം സെക്രട്ടറി, ഉടുമ്പുന്തല മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എന്നീ പദവികളിൽ വഹിച്ചിരുന്നു. തട്ടിൽ മൂസ ഹാജി, ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: എൻ.പി.മറിയുമ്മ. മക്കൾ: മുഹമ്മദലി, നിസാർ, ഫാത്തിമ, റഷീദ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് ഉടുമ്പുന്തല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
