പ്രവാസിയായ അബൂബക്കർ സിദ്ദീഖ് വധം; ഗൂഢാലോചന സംബന്ധിച്ച ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഊർജിതമാക്കി

കാസർകോട്: കുമ്പളയിൽ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ ഏതാനും പേര് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം വീണ്ടും ഊർജിതമാക്കിയത്. ഡിവൈഎസ്പി മധുസൂദനൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്. മുഖ്യപ്രതി സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്നിരുന്നു. 2022 ജൂൺ 29നാണ് കൊല നടന്നത്. കുമ്പള സീതാംഗോളി മുഗുറോഡിലെ അബൂബക്കർ സിദ്ദീഖിനെ മൂന്നംഗസംഘം ബന്തിയോട്ടെ ആശുപത്രിയിൽ എത്തിച്ച് മുങ്ങുകയായിരുന്നു.ഗൾഫിലേക്ക് പണം കടത്തിയതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കാരണമെന്നാണ് വിവരം. സിദ്ദീഖിനെ ഗൾഫിൽനിന്ന് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പ് ഇയാളുടെ സഹോദരൻ അൻവർ, സുഹൃത്ത് അൻസാരി എന്നിവരെയും സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചിരുന്നു. സിദ്ദീഖ് കൊല്ലപ്പെട്ടതോടെ ഇവരെ പിന്നീട് വാഹനത്തിൽ കൊണ്ടുപോയി വഴിയരികിൽ ഇറക്കിവിടുകയായിരുന്നു. പൈവളിഗയിലെ വീട്ടിലെത്തിച്ചും ബോളംകളയിലെ കാട്ടിൽവെച്ചും ക്രൂരമായി മർദിച്ചെന്നാണ് വിവരം. നാട്ടിലെത്തിയ സിദ്ദീഖിനെ പ്രതികൾ തട്ടിക്കൊണ്ടുപോയി മർദിച്ചു. തലകീഴായി മരത്തിൽ കെട്ടിയിട്ടായിരുന്നു മർദനം. മണിക്കൂറുകൾ നീണ്ട മർദനത്തിനിടെ സിദ്ദീഖ് മരിച്ചതോടെ ഇയാളെ ആശുപത്രിയിൽ എത്തിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. സംഭവം നടന്ന് രണ്ടുദിവസത്തിനുള്ളിൽ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും അഞ്ച് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും നാലരലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page