കുമ്പള: കുമ്പളയിലെ വാഹന ഗതാഗത നിയന്ത്രണം ഇന്നു രാവിലെ 9 മണിക്ക് തങ്ങള്‍ ഏറ്റെടുക്കുമെന്നു കുമ്പള പഞ്ചായത്ത്- ബ്ലോക്ക് പഞ്ചായത്ത്- ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍ പൊലീസിനെയും ആര്‍ ടി ഒയെയും മുന്നറിയിച്ചു. ബസ് സ്റ്റാന്റും അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയ ശേഷം പ്രതിഷേധിക്കുനതായിരിക്കും നല്ലതെന്നു പൊലീസും ആര്‍ ടി ഒയും ഓര്‍മ്മിപ്പിച്ചു.
കുമ്പള ടൗണില്‍ ഇന്നു പത്തുമണിവരെ ഒന്നും സംഭവിച്ചില്ലെങ്കിലും യാത്രക്കാരും ജനങ്ങളും ഉത്കണ്ഠയിലാണ്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് വര്‍ഷങ്ങളായി ബസ് നിറുത്തിക്കൊണ്ടിരുന്ന ടൗണിലെ സ്ഥലത്തു നിന്ന് 600 മീറ്ററോളം അകലെയുള്ള കുമ്പള- ബദിയഡുക്ക റോഡിലേക്ക് സ്റ്റാന്റ് മാറ്റിയത്. വികസന രംഗത്തെ കുമ്പളയിലെ വലിയൊരു മുന്നേറ്റമായി അന്നതു വാഴ്ത്തപ്പെടുകയും ചെയ്തു.
പുതിയ പഞ്ചായത്ത് ഭരണസമിതി ബസ്സ്റ്റാന്റ് അവിടെ നിന്നു പഴയസ്ഥലത്തേക്കു മാറ്റാന്‍ തീരുമാനിച്ചു. എന്നാല്‍ ഓരോരുത്തരുടെ താളത്തിനൊത്തു തുള്ളാന്‍ തങ്ങളെക്കിട്ടില്ലെന്നു സ്വകാര്യ ബസ് തൊഴിലാളികള്‍ പ്രതികരിച്ചു. ഇതിനെ തുടര്‍ന്നു പഴയ ബസ് സ്റ്റാന്റിലെ ഏതാനും വ്യവസായികള്‍ സീതാംഗോളിയില്‍പോയി അവിടെ നിന്നു ബസ് കയറി കുമ്പളയിലേക്കു ടിക്കറ്റെടുക്കുകയും കുമ്പള ബസ് സ്റ്റാന്റില്‍ ബസ് നിറുത്തുമ്പോള്‍ ഇറങ്ങാതെ പഴയ ബസ് സ്റ്റാന്റില്‍ പോകണമെന്ന് ആവശ്യപ്പെടുകയും അതു ബസ് ജീവനക്കാരുമായി വാക്കേറ്റങ്ങള്‍ക്കും ബഹളങ്ങള്‍ക്കും പൊലീസ് ഇടപെടലിനും വഴിവച്ചിരുന്നു.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കുമ്പള ഗ്രാമപഞ്ചായത്തിന്റെ പേരില്‍ ജനപ്രതിനിധികള്‍ ടൗണിലെ ബസ് ഗതാഗത നിയന്ത്രണം ഏറ്റെടുക്കാന്‍ പ്രഖ്യാപനവുമായി വാട്‌സ് ആപ്പ് പ്രചരണം ശക്തമാക്കിയത്. ഇതിനെ തുടര്‍ന്നു എ എസ് പി, ആര്‍ ടി ഒ, കുമ്പള ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, പഞ്ചായത്ത് പരിധിയില്‍ വരുന്ന ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍, ബസുടമകള്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ എന്നിവരെ ഇന്നലെ ചര്‍ച്ചക്കു വിളിച്ചു. പഞ്ചായത്ത് ഭരണസമിതിയിലെ ഭരണകക്ഷി അംഗങ്ങളും മറ്റുള്ളവരും പങ്കെടുത്ത യോഗത്തില്‍ നിയമം എല്ലാവര്‍ക്കും തുല്യമാണെന്നും എന്നാല്‍ അതു കൈയിലെടുക്കാന്‍ ആരും മുതിരരുതെന്നും മുന്നറിയിച്ചു. നിയമം കൈയിലെടുത്തേ അടങ്ങൂ എന്നു വാശിപിടിച്ചാല്‍ നിയമപരമായി ജാമ്യമില്ലാവകുപ്പനുസരിച്ച് അവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരാവുമെന്ന് ഓര്‍മ്മിപ്പിച്ചു. ബസ് സ്റ്റാന്റിന്റെ അടിസ്ഥാന സൗകര്യങ്ങളും ടോയ്‌ലറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയ ശേഷം ബസ് സ്റ്റാന്റ് മാറ്റണമെന്നാവശ്യപ്പെട്ടാല്‍ അതു പരിഗണിക്കാവുന്നതാണെന്നും അറിയിച്ചു.
പഴയ ബസ് സ്റ്റാന്റ് പരിസരത്തെ ചില കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാനല്ല പല ഭാഗങ്ങളില്‍ നിന്നു ബസുകളില്‍ യാത്രക്കാര്‍ കുമ്പളയിലെത്തുന്നതെന്നും കാസര്‍കോട്ടും മംഗളൂരുവിലും ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കും ദീര്‍ഘ യാത്രക്കുമൊക്കെ എത്തുന്നവരുമുണ്ടെന്നും അവര്‍ക്കെല്ലാം ഇപ്പോള്‍ സൗകര്യപ്രദമായ സ്ഥലം ഇപ്പോഴത്തെ സ്റ്റാന്റാണെന്നും ബസ് തൊഴിലാളികള്‍ യോഗത്തെ അറിയിച്ചു.
ഇതിന്റെ പേരില്‍ ഇനി ആരെങ്കിലും ബസ് തടഞ്ഞാല്‍ മുഴുവന്‍ ബസുകളും അവിടെ നിറുത്തിയിടാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും തൊഴിലാളികളും അറിയിച്ചതോടെ ജനപ്രതിനിധികള്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി നടന്നതായി പറയുന്നു.







