തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണച്ചു; പനമരം പഞ്ചായത്തില്‍ യുഡിഎഫിന് അട്ടിമറി ജയം

കല്‍പ്പറ്റ: വയനാട്ടിലെ പനമരം പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി ജയം. മുസ്ലിംലീഗ് പ്രതിനിധി ലക്ഷ്മി ആലക്കാമുറ്റം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫില്‍നിന്ന് കൂറുമാറി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബെന്നി ചെറിയാന്റെ പിന്തുണയോടെയാണ് യുഡിഎഫ് പഞ്ചാത്തിന്റെ ഭരണം പിടിച്ചെടുത്തത്. വ്യാഴാഴ്ച രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലക്ഷ്മിക്ക് 12 വോട്ടു ലഭിച്ചപ്പോള്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 10 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗിനായിരുന്നു പ്രസിഡന്റ് പദം. 22-ാം വാര്‍ഡ് വെള്ളരിവയലില്‍ നിന്നാണ് ലക്ഷ്മി ആലക്കാമുറ്റം പഞ്ചായത്തിലേക്ക് വിജയിച്ചത്.
വനിതാ ജനറല്‍ സംവരണമാണ് പ്രസിഡന്റ് പദം. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെച്ചൊല്ലി ലീഗിനുള്ളില്‍ തര്‍ക്കം ഉടലെടുത്തതിനെത്തുടര്‍ന്ന് യുഡിഎഫ് അംഗങ്ങള്‍ ബുധനാഴ്ച തെരഞ്ഞെടുപ്പിന് എത്തിയില്ല. ക്വാറം തികയാത്തതിനെത്തുടര്‍ന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ലീഗിന് നിലവില്‍ മൂന്ന് വനിത അംഗങ്ങളാണുള്ളത്. കുണ്ടാലയില്‍ നിന്നു വിജയിച്ചു വന്ന ഹസീന ശിഹാബിനെ ആയിരുന്നു പഞ്ചായത്ത് കമ്മിറ്റി പിന്തുണച്ചത്. എന്നാല്‍ ഒരു വിഭാഗം ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ ഇടപെട്ടാണ് പ്രശ്നം രമ്യതയിലെത്തിച്ചത്.
ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയില്‍ യുഡിഎഫ് ഭരണം പിടിക്കുന്ന ആദ്യ പഞ്ചായത്തായി പനമരം മാറി. നേരത്തെ, തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിലെ ആസ്യ പ്രസിഡന്റായത്. ജെഡിഎസ് അംഗമായിരുന്ന ബെന്നി ചെറിയാന്‍ അവിശ്വാസ പ്രമേയത്തില്‍ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് പനമരം പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം എല്‍ഡിഎഫിനു നഷ്ടമായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page