ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും പിണറായിയെ ജനശത്രുവാക്കാന്‍ കുപ്രചരണത്തില്‍: ജലീല്‍

കാസര്‍കോട്: ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും പിണറായി വിജയനെ ജനശത്രുവാക്കുന്നതിനു വര്‍ഗീയത ഇളക്കിവിടുകയാണെന്നു മുന്‍മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.
സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വര്‍ഗീയ വിപത്ത്, പ്രീണനം, പ്രതിരോധം സെമിനാര്‍ സീതാംഗോളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും മതനിരപേക്ഷതയും കാത്തു സൂക്ഷിക്കുന്നതിലും മതത്തിന്റെ പേരില്‍ വര്‍ഗീയത ഇളക്കിവിട്ടു മനുഷ്യനെ വിഭജിക്കുന്ന ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതക്കെതിരെയും നട്ടെല്ലു നിവര്‍ത്തി പോരാടുന്ന സിപിഎമ്മിനെതിരെയുള്ള ഇത്തരം പ്രചരണങ്ങളെ ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്നു അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും വേണ്ടത് അധികാരമാണെന്നും അതിന് എന്തു തറവേലയ്ക്കും അവര്‍ തയ്യാറാവുമെന്നും ജലീല്‍ പറഞ്ഞു. എല്‍ഡിഎഫ് തുടര്‍ച്ചയായി മൂന്നാംതവണയും കേരളം ഭരിക്കും. അപ്പോള്‍ ഈ ഭായിമാരുടെ അവസ്ഥ എന്തായിരിക്കും-ജലീല്‍ പരിഹസിച്ചു. ലീഗിന്റെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധി തേടിപ്പോയ വാര്‍ത്തയാണ് കാസര്‍കോട്ട് അടിച്ചിരമ്പുന്നത്. ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു അങ്ങനെ ചെയ്തിരുന്നതെങ്കില്‍ മാധ്യമങ്ങള്‍ മഹോത്സവം കൊണ്ടാടുമായിരുന്നില്ലേ എന്ന് അദ്ദേഹം ആരാഞ്ഞു. ഏരിയാ സെക്രട്ടറി സി.എ സുബൈര്‍ ആധ്യക്ഷം വഹിച്ചു. ഡി. സുബ്ബണ്ണ ആള്‍വ, സി.എച്ച് കുഞ്ഞമ്പു, കെ.ആര്‍ ജയാനന്ദന്‍, പി. രഘുദേവന്‍, ടി.എം.എ കരിം, ജയന്തി, ശോഭ, ഹക്കിം, സന്തോഷ് കുമാര്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page