മാനന്തവാടിയിൽ 27 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു, നഗരസഭാ പരിധിയിൽ യുഡിഎഫും എസ്ഡിപിഐയും പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി

കല്‍പ്പറ്റ: മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാര കൊല്ലിയില്‍ കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. ജനുവരി 24 മുതല്‍ 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. അതിനിടെ കടുവയുടെ ആക്രമണത്തില്‍ രാധയെന്ന 45കാരി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയില്‍ യുഡിഎഫും എസ്ഡിപിഐയും ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ആക്രമണത്തില്‍ മരിച്ച രാധയുടെ മൃതദേഹം ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് സംസ്‌കരിക്കും. വെള്ളിയാഴ്ച രാവിലെയാണ് പഞ്ചാരക്കൊല്ലി സ്വദേശിയായ രാധയെ കടുവ കടിച്ചുകൊലപ്പെടുത്തിയ നിലയില്‍ വനത്തിനുള്ളില്‍ കണ്ടെത്തിയത്. പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാന്‍ പോയപ്പോഴാണ് സംഭവം. തണ്ടര്‍ബോള്‍ട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. പഞ്ചാരക്കൊല്ലിയിലെ വനം വകുപ്പ് താത്കാലിക വാച്ചര്‍ അച്ഛപ്പന്റെ ഭാര്യയാണ് രാധ.ഇവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 11 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തില്‍ ഒരാള്‍ക്ക് (അച്ഛപ്പന് പുറമെ) സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മന്ത്രി ഒആര്‍ കേളു വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ആക്രമിച്ച കടുവയെ വെടിവെച്ച് കൊല്ലാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രി ഒആര്‍ കേളുവിനെതിരെ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും സഹായം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം കെട്ടടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page