ഷാരോണ്‍ കൊലക്കേസ്; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് പ്രോസിക്യൂഷന്‍, തനിക്ക് പഠിക്കണമെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും ഗ്രീഷ്മ, ശിക്ഷാവിധി മറ്റന്നാള്‍

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ ശിക്ഷാ വിധി മറ്റന്നാള്‍ പ്രസ്താവിക്കും.
വിധിക്കുമുമ്പായി അന്തിമ വാദം നെയ്യാറ്റിന്‍കര കോടതിയില്‍ നടന്നു. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഗ്രീഷ്മ കോടതിയില്‍ കത്ത് നല്‍കി. ശിക്ഷയില്‍ ഇളവ് വേണമെന്ന് ഗ്രീഷ്മ കത്തിലൂടെ കോടതിയോട് ആവശ്യപ്പെട്ടു. തനിക്ക് ഇനിയും പഠിക്കണമെന്നും 24 വയസുമാത്രമാണ് പ്രായമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
കത്തിനൊപ്പം ബിരുദ സര്‍ട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നും അതിനാല്‍ വധ ശിക്ഷതന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഗ്രീഷ്മ ഒരു ദയയും അര്‍ഹിക്കുന്നില്ല. ചെകുത്താന്റെ സ്വഭാവുമുള്ള ആളാണ് പ്രതി. ഷാരോണിന്റെ സ്വപ്‌നങ്ങളാണ് ഗ്രീഷ്മ തകര്‍ത്തത്. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് പ്രതി ചെയ്തിരിക്കുന്നത്.
ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമാണ് ഇങ്ങനെ ഒരു കൃത്യം ചെയ്യാന്‍ കഴിയുകയുള്ളൂ. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. അതിനായി പരിശോധനകള്‍ നടത്തി.11 ദിവസം ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയില്‍ ഉണ്ട്. ഗ്രീഷ്മയുടെ ഭാഗം കേട്ട ശേഷം കോടതി പ്രോസിക്യൂഷന്റെ വാദങ്ങള്‍ കേള്‍ക്കുകയാണ്. ഇന്നലെ കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചിരുന്നു.
2022 ഒക്ടോബറിലായിരുന്നു കേരളത്തിനെ നടുക്കിയ കൊല നടന്നത്. ഷാരോണുമായി നാലുവര്‍ഷമായി പ്രണയത്തിലായിരുന്ന ഗ്രീഷ്മയോട് പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷാരോണിനെ ബന്ധത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഷാരോണ്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഗ്രീഷ്മയും കുടുംബവും ഷാരോണിനെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ പദ്ധതി തയ്യാറാക്കുന്നത്. ഷാരോണിനെ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്ക് ക്ഷണിച്ച ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കുകയായിരുന്നു. ഗ്രീഷ്മയുമായി കണ്ടുമുട്ടി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ ഷാരോണ്‍ ഛര്‍ദ്ദിച്ച് അവശനാകുകയും ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്. മരണത്തിന് ഏതാനും ദിവസം മുമ്പ് ഗ്രീഷ്മ വിഷം തനിക്ക് നല്‍കിയെന്നും തന്നെ ചതിച്ചെന്നും പിതാവിനോട് പറഞ്ഞിരുന്നു. ഇതാണ് കേസില്‍ വഴിത്തിരിവായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page