കള്ളനോട്ട് കേസ്; ശിക്ഷ സ്‌റ്റേ ചെയ്ത് ജാമ്യത്തിലിറങ്ങിയ യുവാവ് ഭാര്യാവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: കള്ളനോട്ട് കേസില്‍ കോടതി ശിക്ഷിച്ച യുവാവിനെ ഭാര്യാവീട്ടില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചൊറുക്കള സ്വദേശിയായ വി.കെ ഉബൈസി(45)നെയാണ് കോള്‍മൊട്ടയിലെ ഭാര്യാ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്.
2009 ജുലായ് 26ന് ആണ് ഉബൈസിനെ അന്നത്തെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടറായ പി.പി സദാനന്ദനും സംഘവും അറസ്റ്റു ചെയ്തത്. കണ്ണൂര്‍ ബസ് സ്റ്റാന്റിലെ മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ നിന്നു ഫോണ്‍ വാങ്ങിയ ഉബൈസ് കള്ളനോട്ടുകളാണ് നല്‍കിയത്. സംശയം തോന്നിയ ജീവനക്കാര്‍ ഇയാളെ തടഞ്ഞു വച്ച് പൊലീസിനു കൈമാറുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ തളിപ്പറമ്പ്, ഞാറ്റുവയല്‍ സിദ്ദിഖ് പള്ളിക്ക് സമീപത്തെ സി.എച്ച് സിറാജ് കൂട്ടുപ്രതിയാണെന്നു വ്യക്തമായി. തുടര്‍ന്ന് ആലക്കോട്, ജംഗ്ഷനില്‍ ഉബൈസിന്റെ പേരില്‍ ഉണ്ടായിരുന്ന വാടകമുറിയില്‍ പോലീസ് പരിശോധന നടത്തിയപ്പോള്‍ 100 രൂപയുടെ 50 നോട്ടുകള്‍ കണ്ടെത്തി. സിറാജാണ് തനിക്ക് കള്ളനോട്ടുകള്‍ നല്‍കിയിരുന്നതെന്നും അരലക്ഷത്തിന്റെ കള്ളനോട്ടുകള്‍ ചെലവഴിച്ചാല്‍ 30,0000 രൂപ കമ്മീഷനായി നല്‍കുമെന്നും ഉബൈസ് പൊലീസിനു മൊഴി നല്‍കി. പിന്നീട് സിറാജിനെ പൊലീസ് വിളിച്ചു വരുത്തി അറസ്റ്റു ചെയ്യുകയായിരുന്നു.
കള്ളനോട്ടു കേസില്‍ 15 വര്‍ഷത്തിനു ശേഷം 2024 നവംബര്‍ മാസത്തില്‍ കോടതി കേസില്‍ വിധി പറഞ്ഞു. രണ്ടുപേരെയും പത്തുവര്‍ഷം തടവിനും കാല്‍ലക്ഷം രൂപ വീതം പിഴയടക്കാനുമായിരുന്നു തലശ്ശേരി അഡീ. ജില്ലാ കോടതി (രണ്ട്) ജഡ്ജി ടിറ്റി ജോര്‍ജ് ശിക്ഷിച്ചത്.
അപ്പീല്‍ നല്‍കാനായി ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യത്തിലിറങ്ങിയതായിരുന്നു ഉബൈസ്. പരേതനായ കുഞ്ഞമ്മദ്-ആയിഷ ദമ്പതികളുടെ മകനാണ് ഉബൈസ്. ഭാര്യ: സഫിയ. മകന്‍: അസ്മല്‍. സഹോദരങ്ങള്‍: സലിം, ഫൈസല്‍, ഷുക്കൂര്‍, ഫാരിജ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page