പനയാല്‍ ബാങ്ക് വാച്ചുമാന്‍ വിനോദ് കുമാർ കൊലക്കേസിന് ഇന്ന് 26 വര്‍ഷം; സിബിഐ അന്വേഷിച്ചിട്ടും കൊലയാളികളെ കണ്ടെത്താനായില്ല; കണ്ണീരോര്‍മ്മയില്‍ കുടുംബം

കാസര്‍കോട്: കോളിളക്കങ്ങള്‍ക്ക് ഇടയാക്കിയ പനയാല്‍ സഹകരണ ബാങ്ക് വാച്ചുമാന്‍ അരവത്തെ വിനോദ് കുമാറി ( 27 )ന്റെ കൊലപാതകത്തിനു ഇന്നേയ്ക്ക് 26 വര്‍ഷം. ലോക്കല്‍ പൊലീസു മുതല്‍ രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐ വരെ അന്വേഷിച്ചിട്ടും കൊലയാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
2000 ജൂലായ് 30ന് കർക്കിടക വാവ് ദിവസം രാത്രിയിലാണ് ബാങ്കിൽ കവർച്ചാശ്രമവും വാച്ചുമാൻ വിനോദ് കുമാറിന്റെ കൊലപാതകവും നടന്നത്. ജൂലായ്‌ 31ന് രാവിലെ ബാങ്കിലെത്തിയ തൂപ്പു ജോലിക്കാരിയാണ് സംഭവം ആദ്യം അറിയുന്നത്.
ബാങ്കിന്റെ മുന്‍ഭാഗത്തെ ജനല്‍ ചില്ല് അകത്തു നിന്നു മേശ വിരി ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. ഇതു കണ്ട തൂപ്പുകാരി ബാങ്കിന്റെ മുകള്‍ നിലയില്‍ വാച്ചുമാന്‍ വിശ്രമിക്കുന്ന സ്ഥലത്തെത്തി. അദ്ദേഹത്തെ അവിടെ കാണാന്‍ കഴിഞ്ഞില്ല. നിലത്ത് ഒഴിഞ്ഞ സിറിഞ്ചും പായ വിരിച്ച നിലയിലും ടോര്‍ച്ചും കാണപ്പെട്ടു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ബാങ്ക് അധികൃതരും ലോക്കല്‍ പൊലീസും സ്ഥലത്തെത്തി. പൊലീസ് പരിശോധനയില്‍ ബാങ്ക് കെട്ടത്തിന്റെ പിന്‍ഭാഗത്തെ ജനല്‍ കമ്പികള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് മാറ്റിയ നിലയിലും കാണപ്പെട്ടു. ബാങ്കിനു അകത്തു നടത്തിയ പരിശോധനയില്‍ സ്‌ട്രോംഗ് റൂം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറക്കാനുള്ള ശ്രമം നടത്തിയതായും കണ്ടെത്തി. ഗ്യാസ് കട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടായ വെളിച്ചം പുറത്തേയ്ക്ക് കാണാതിരിക്കാനാണ് ജനല്‍ ചില്ല് മേശവിരി ഉപയോഗിച്ചതെന്നു വ്യക്തമായി.
വിവരമറിഞ്ഞ് സ്ഥലത്തേയ്ക്ക് നിരവധി പേര്‍ എത്തി. പക്ഷെ വാച്ചുമാന്‍ എവിടെയാണെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ല. ബാങ്ക് പരിസരത്ത് നടത്തിയ പരിശോധനയില്‍ റോഡരുകില്‍ നിന്നു വിനോദിന്റെ ഒരു ചെരുപ്പ് കണ്ടെത്തി. ഇതോടെ വിനോദ് കുമാറിനു എന്തെങ്കിലും അപകടം പറ്റിയിട്ടുണ്ടാകുമെന്ന സംശയം ബലപ്പെട്ടു. വിവരമറിഞ്ഞ് അന്നത്തെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവി എസ് .ശ്രീജിത്ത്, ഹൊസ്ദുര്‍ഗ്ഗ് ഡിവൈഎസ്പി കൊയിലാണ്ടി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. പൊലീസ് നായയെ എത്തിച്ചും പരിശോധന നടത്തിയെങ്കിലും വിനോദിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ സംഭവം സംബന്ധിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങൾ തുടരുന്നതിനിടയിലാണ് വൈകുന്നേരം അഞ്ചുമണിയോടെ വിനോദ് കുമാറിന്റെ മൃതദേഹം പെരിയാട്ടടുക്കം, മുനിക്കല്‍ ദേശീയപാതയോരത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. സ്ഥലത്ത് ആടിനെ മേയ്ക്കാന്‍ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ വിനോദിന്റെ മൃതദേഹത്തില്‍ നിന്നു പേഴ്‌സ്, പോക്കറ്റ് ഡയറി എന്നിവ കണ്ടെടുത്തു. സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും കാണപ്പെട്ടു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കഴുത്തു ഞെരുക്കിയാണ് കൊലപ്പെടുത്തിയതെന്നു വ്യക്തമായി.
ഡിവൈഎസ് പി കൊയിലാണ്ടി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും കൊലയാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടു. എന്നാല്‍ അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് വിനോദിന്റെ കുടുംബവും ഉത്തര കേരള മലയന്‍ സമുദായോദ്ധാരണസംഘവും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. വിശദമായ വാദം കേട്ട കോടതി സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടു.
എന്നാല്‍ നേരറിയാന്‍ എത്തിയ സി ബി ഐയ്ക്കും കൊലയാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കേസ് തെളിയിക്കാനാകുന്നില്ലെന്നു കാണിച്ച് സി ബി ഐ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിനെ ഹര്‍ജ്ജിക്കാര്‍ എതിര്‍ത്തു. തുടര്‍ന്ന് മറ്റൊരു സംഘത്തെ ഹൈക്കോടതി അന്വേഷണത്തിനായി നിയോഗിച്ചു. പക്ഷെ, അന്വേഷണത്തില്‍ ഒരിഞ്ചുപോലും പുരോഗതി ഉണ്ടാക്കാന്‍ രണ്ടാമത്തെ സിബിഐ സംഘത്തിനും കഴിഞ്ഞില്ല. ഇതിനിടയില്‍ കേസുമായി ബന്ധപ്പെട്ട് നിരന്തരം ഹൈക്കോടതിയെ സമീപിച്ചിരുന്ന മലയന്‍ സമുദായോദ്ധാരണ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന പെരിയയിലെ ബി എം ശശിയെ കാഞ്ഞങ്ങാട്ട് റെയില്‍വെ പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇതോടെ കേസിനെ കുറിച്ച് ഒന്നും പറയാനോ, ചോദിക്കാനോ ആളില്ലാത്ത അവസ്ഥയിലായി.
മകന്റെ കൊലയാളികളെ കണ്ണടയും മുമ്പെങ്കിലും കണ്ടെത്തുമെന്നായിരുന്നു മാതാപിതാക്കളായ ബാലന്‍ പണിക്കരുടെയും പാറുഅമ്മയുടെയും പ്രതീക്ഷ. പക്ഷെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലന്‍ പണിക്കര്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ജീവിതത്തോട് വിടവാങ്ങി. മാതാവ് പാറുഅമ്മ ഇപ്പോഴും പ്രാര്‍ത്ഥനകളിലാണ്. മകന്റെ കൊലയാളികളെ എന്നെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷകളോടെ…

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page