കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കാമുകനെ കൊലപ്പെടുത്തിയ കേസ്: വിധി നാളെ, കോളിളക്കം സൃഷ്ടിച്ച കേസ് തെളിയിച്ചത് പൂച്ചക്കാട്ടെ പ്രവാസിവ്യവസായിയുടെ കൊലപാതകം തെളിയിച്ച ഡിവൈ.എസ്.പി കെ.കെ ജോണ്‍സണ്‍

തിരുവനന്തപുരം: കഷായത്തില്‍ വിഷം കലര്‍ത്തി കാമുകനെ കൊലപ്പെടുത്തിയ കേസില്‍ വിധി നാളെ. കൊല്ലപ്പെട്ട ഷാരോണിന്റെ കാമുകി ഗ്രീഷ്മ, ഗ്രീഷ്മയുടെ മാതാവ്, അമ്മാവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം എം ബഷീര്‍ ആണ് വിധി പ്രസ്താവിക്കുക.
2022 ഒക്ടോബര്‍ 14ന് ആണ് ഷാരോണ്‍ കാമുകി ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചത്. ഇതേ തുടര്‍ന്ന് അവശനായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 ദിവസത്തിനു ശേഷം മരണത്തിന് കീഴടങ്ങി.
ഷാരോണും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദധാരിയുമായ ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. പിന്നീട് ഈ ബന്ധം ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കാനാണ് കാമുകനു വിഷം കലര്‍ത്തിയ കഷായം നല്‍കിയതെന്നാണ് കേസ്. തുടക്കത്തില്‍ തുമ്പൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. കേസ് അന്വേഷണ ചുമതല ഡിവൈ.എസ്.പി കെ.കെ ജോണ്‍സണിന്റെ കൈയില്‍ എത്തിയതോടെയാണ് നിര്‍ണ്ണായകമായത്. ഷാരോണ്‍ മരണപ്പെടുന്നതിനു മുമ്പ് തന്റെ അച്ഛനായ ജയരാജനോട് പറഞ്ഞതായി പറയുന്ന മൊഴിയാണ് നിര്‍ണ്ണായകമായത്. ‘ഗ്രീഷ്മ ചതിച്ചു’-എന്നായിരുന്നു മൊഴി. ഈ മൊഴി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനു ഒടുവിലാണ് ഗ്രീഷ്മയേയും മാതാവിനെയും അമ്മാവനെയും ജോണ്‍സന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
കാസര്‍കോട് ജില്ലയില്‍ ഏറെ കോളിളക്കങ്ങള്‍ക്കിടയാക്കിയ ബേക്കല്‍, പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി സി.എം അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ ദുരൂഹമരണം കൊലപാതകമാണെന്നു അന്വേഷിച്ച് കണ്ടെത്തിയതും ഡിവൈ.എസ്.പി കെ.കെ ജോണ്‍സണ്‍ ആണ്.
കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായ ഡി. ശില്‍പ തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിയായിരിക്കെയാണ് ഷാരോണ്‍ കൊല്ലപ്പെട്ടത്. അന്നു പ്രസ്തുത കേസ് അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചതും ഡി. ശില്‍പയാണ്.
തിരുവനന്തപുരത്തു നിന്നു കാസര്‍കോട്ടേക്ക് സ്ഥലം മാറിയെത്തിയ ജോണ്‍സനെ തന്നെ പ്രവാസി വ്യവസായിയുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ നിയോഗിക്കുകയായിരുന്നു. ഹാജിയുടെ മരണം കൊലപാതകമാണെന്നു കണ്ടെത്തിയതോടെ മുഖ്യപ്രതിയായ ജിന്നുമ്മ ഉള്‍പ്പെടെ നാലു പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്തു.
ഹാജിയുടെ വീട്ടില്‍ നിന്നു നഷ്ടപ്പെട്ട 596 പവന്‍ സ്വര്‍ണ്ണം വീണ്ടെടുക്കാനുള്ള ശ്രമം ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page