വിവാഹ ചടങ്ങ് നടക്കാൻ നാലുദിവസം ബാക്കി, മറ്റൊരു യുവാവിനെ ഇഷ്ടമാണെന്ന് 19 കാരി, പൊലീസ് ഉദ്യോഗസ്ഥരടക്കം നോക്കി നിൽക്കേ നവവധുവിനെ പിതാവ് വെടിവെച്ച് കൊന്നു

ഗ്വാളിയർ: മധ്യപ്രദേശിൽ വിവാഹത്തിന് നാല് ദിവസം ബാക്കിനിൽക്കെ പൊലീസ് ഉദ്യോഗസ്ഥരടക്കം നോക്കി നിൽക്കേ നവവധുവിനെ പിതാവ് വെടിവെച്ച് കൊന്നു. ഗ്വാളിയർ ഗോലകാ മന്ദിർ ഏരിയയിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. തനു ഗുർജാർ എന്ന 20 വയസുകാരിയാണ്‌ കൊല്ലപ്പെട്ടത്. പിതാവ് മഹേഷ് ഗുർജാർ നാടൻ തോക്കുകൊണ്ട് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിശ്ചയിച്ച വിവാഹം വേണ്ടെന്നും മറ്റൊരാളെ ഇഷ്ടമാണെന്നും പറഞ്ഞതോടെയാണ് മഹേഷ് മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. തനുവും മഹേഷ് എന്ന യുവാവുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹത്തിന് നാല് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന വിവരം പിതാവിനോട് പെൺകുട്ടി പറയുന്നത്. സംഭവ ദിവസം വൈകിട്ട് തനിക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിന് കുടുംബം നിർബന്ധിക്കുകയാണെന്ന് ആരോപിച്ച് തനു സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ തനിക്ക് പിതാവ് നിശ്ചയിച്ച വിവാഹത്തിൽ താൽപ്പര്യമില്ലെന്നും മറ്റൊരാളുമായി പ്രണയത്തിലാണെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. ഈ വീഡിയോ പുറത്ത് വന്നാൽ താൻ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ലെന്നും പെൺകുട്ടി പറഞ്ഞിരുന്നു. വിക്കി എന്ന യുവാവുമായി താൻ ആറ് വർഷമായി പ്രണയിത്തിലാണെന്നാണ് യുവതി പറയുന്നത്. വിക്കിയെ വിവാഹം കഴിക്കാനാണ് തനിക്ക് ആഗ്രഹം. നവവരൻ മഹേഷിനെയും കുടുംബത്തെയും പിതാവിനെയും വിഷമിപ്പിക്കുന്നതിൽ തനിക്ക് ദുഖമുണ്ടെന്നും യുവതി പറയുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പിതാവും സംഭവം അറിഞ്ഞു. മണിക്കൂറുകൾക്ക് ശേഷമാണ് കൊലപാതകം നടന്നത്. വീഡിയോ വൈറലായതോടെ ജില്ലാ പൊലീസ് മേധാവി ധർമ്മവീർ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഹേഷിന്‍‌റെ വീട്ടിലെത്തി. പൊലിസ് തനുവുമായി സംസാരിച്ചെങ്കിലും യുവതി വീട്ടിൽ നിൽക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞു. തുടർന്ന് യുവതിയെ സർക്കാർ അഗതി മന്ദിരത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനമായി. ഇതിനിടെയിലാണ് മകളോട് സ്വകാര്യമായി സംസാരിക്കണമെന്ന് പറഞ്ഞ് അടുത്തെത്തിയ മഹേഷ് ഗുർജാർ നാടൻ തോക്കുപയോഗിച്ച് മകളെ വെടിവെച്ചത്. ബന്ധുവായ രാഹുലിന്‍റെ സഹായത്തോടെയാണ് മഹേഷ് മകളെ വെടിവെച്ച് വീഴ്ത്തിയത്. മകളുടെ നെഞ്ചിലാണ് വെടിവെച്ചത്. തോക്ക് വാങ്ങി രാഹുലും തനുവിന് നേരെ വെടിയുതിർത്തു. തനുവിന്‍റെ നെറ്റിയിലും കഴുത്തിലും കണ്ണിനും മൂക്കിനുമിടയിലുള്ള ഭാഗത്താണ് വെടിയുതിർത്തത്. സംഭവ സ്ഥലത്തുവെച്ചു തന്നെ തനു മരിച്ചു. സംഭവത്തിന് പിന്നാലെ മഹേഷ് ഗുർജാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തോക്കുമായി രാഹുൽ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page